76 ലക്ഷം പേര്‍ക്ക് ഒരേ പാസ്വേഡ്, ഞെട്ടി ലോകം! ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ട പാസ്വേഡുകളുടെ പട്ടിക പുറത്ത്

ശക്തമായ പാസ്വേഡുകള്‍ സജ്ജീകരിക്കുന്നതില്‍ ആളുകള്‍ക്കുള്ള അശ്രദ്ധ തുറന്നുകാട്ടി പുതിയ സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയെക്കുറിച്ച് എണ്ണമറ്റ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഈ 2025-ലും ദശലക്ഷക്കണക്കിന് ആളുകള്‍ വളരെ ദുര്‍ബലമായ പാസ്വേഡുകള്‍ ഉപയോഗിക്കുന്നതായി സോഫ്റ്റ്‌വെയര്‍ കമ്പനിയായ കമ്പാരിടെക്കിന്റെ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്വേഡ് 123456 ആണെന്ന് പഠനം കണ്ടെത്തി. ചോര്‍ന്ന രണ്ട് ബില്യണിലധികം പാസ്വേഡുകള്‍ വിശകലനം ചെയ്യുന്ന ഈ റിപ്പോര്‍ട്ട്, അവയില്‍ ഏകദേശം 25 ശതമാനം പാസ്വേഡുകളും അക്കങ്ങള്‍ മാത്രം ഉപയോഗിച്ചുള്ളതാണെന്നും കണ്ടെത്തി.

ലോകത്തിലെ ഏറ്റവും സാധാരണമായ പാസ്വേഡുകളുടെ പട്ടിക
ശക്തമായ പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതിനുള്ള ആളുകളുടെ മടിയാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ കാരണമെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പാരിടെക് റിപ്പോര്‍ട്ട് അനുസരിച്ച്, 2025-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാസ്വേഡ് 123456 ആയിരുന്നു. 76 ലക്ഷത്തിലധികം ആളുകള്‍ ഉപയോഗിച്ച പാസ്വേഡാണിത്. തൊട്ടുപിന്നാലെ 12345678, 123456789, അഡ്മിന്‍ തുടങ്ങിയ പാസ്വേഡുകളും ഉണ്ട്. ഡാര്‍ക്ക് വെബ്, ടെലിഗ്രാം ചാനലുകളില്‍ നിന്ന് ശേഖരിച്ച ഏകദേശം രണ്ട് ബില്യണ്‍ ചോര്‍ന്ന പാസ്വേഡുകളില്‍ നിന്നുള്ള ഡാറ്റ കമ്പാരിടെക്ക് വിശകലനം ചെയ്തു. അക്കൗണ്ടുകളിലേക്ക് ആക്സസ് ചെയ്യാന്‍ ഹാക്കര്‍മാര്‍ ആദ്യം പരീക്ഷിക്കുന്ന പാസ്വേഡുകളില്‍ ഇവ പെടും.

ഇന്ത്യ@123ക്ക് 53-ാം സ്ഥാനം
ലോകത്തെ 1,000 പാസ്വേഡുകള്‍ പരിശോധിച്ചാല്‍ അതില്‍ 25 ശതമാനവും അക്കങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ ഏകദേശം 38 ശതമാനം എണ്ണത്തില്‍ ‘123’ എന്ന അക്കങ്ങള്‍ അടങ്ങിയിരിക്കുന്നു. ‘India@123’ എന്ന അതീവ ദുര്‍ബലമായ പാസ്വേഡ് ഒരു പ്രധാന ആശങ്കയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും സാധാരണമായ 100 പാസ്വേഡുകളുടെ പട്ടികയില്‍ ഈ ലളിതമായ പാസ്വേഡ് 53-ാം സ്ഥാനത്താണ്. ഇത് ഇന്ത്യന്‍ ഉപയോക്താക്കളുടെ മോശം സൈബര്‍ സുരക്ഷാ സമീപനത്തെ കാണിക്കുന്നു.
ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കാന്‍ നിങ്ങള്‍ എന്തുചെയ്യണം?
ലളിതമായ പാസ്‌വേഡുകള്‍ കാരണം നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത വളരെക്കൂടുതല്‍ ആണ്. അതുകൊണ്ടുതന്നെ ശക്തമായ പാസ്വേഡുകള്‍ സൃഷ്ടിക്കാന്‍ സുരക്ഷാ വിദഗ്ധര്‍ ഉപദേശിക്കുന്നു. മികച്ച പാസ്‌വേഡുകള്‍ക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. പാസ്വേഡുകള്‍ക്ക് കുറഞ്ഞത് 12 ക്യാരക്ടറുകളെങ്കിലും ദൈര്‍ഘ്യം ഉണ്ടായിരിക്കണം.
2. പാസ്വേഡില്‍ വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയുടെ സംയോജനം ഉപയോഗിക്കുക
3. കുടുംബാംഗങ്ങളുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ പേരുകള്‍, അല്ലെങ്കില്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ പേരുകള്‍ തുടങ്ങിയ ഒരിക്കലും പാസ്വേഡുകളായി ഉപയോഗിക്കരുത്.
4. ഹാക്കര്‍മാര്‍ പാസ്വേഡ് ഹാക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി, കൂടുതല്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകളും അക്ഷരങ്ങളും അക്കങ്ങളും ഉള്ള സങ്കീര്‍ണ്ണമായ പാസ്വേഡുകള്‍ നിര്‍മ്മിക്കുക.
5. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സുരക്ഷിതമായി ലോഗിന്‍ ചെയ്യുന്നതിന് ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) പ്രക്രിയ ആക്ടീവാക്കുക.
