‘ടീമിന് ബാധ്യതയാവാന്‍ ആഗ്രഹിക്കുന്നില്ല’; അടുത്ത ലോകകപ്പ് കളിക്കുമോ എന്നുള്ള ചോദ്യത്തിന് മെസിയുടെ മറുപടി

ബാഴ്സലോണ: അടുത്തവര്‍ഷത്തെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമിനൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലിയോണല്‍ മെസി. എന്നാല്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമേ ലോകകപ്പില്‍ കളിക്കൂയെന്നും ടീമിന് ബാധ്യതയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു. ആറാമത്തെ ലോകകപ്പിന് തയ്യാറെടുക്കുന്ന മെസി 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്. ഫുട്ബോള്‍ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച ബാഴ്സലോണയിലേക്ക് പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും മെസി വ്യക്തമാക്കി.

ഇരുപതുവര്‍ഷത്തോളം ചെലവഴിച്ച ബാഴ്സലോണയില്‍ നിന്ന് 2021ലാണ് മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയത്. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു മെസിയുടെ പടിയിറക്കം. ഇതിന് ശേഷം ആദ്യമായി മെസി കഴിഞ്ഞ ദിവസം ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗ സന്ദര്‍ശിച്ചിരുന്നു. സ്പാനിഷ് ക്ലബിന്റെ നവീകരിച്ച കാംപ് നൗ സ്റ്റേഡിയം കാണാനാണ് മെസി എത്തിയത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെ മെസി ബാഴ്സലോണയിലേക്ക് പറക്കുകയായിരുന്നു.
സ്റ്റേഡിയത്തിനകത്തും പുറത്തുനിന്നും ചിത്രങ്ങളെടുത്ത മെസി സാമൂഹിക മാധ്യങ്ങളില്‍ പങ്കുവച്ചു. എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് തിരിച്ചെത്തി. ഞാന്‍ വളരെയധികം സന്തോഷിച്ച ഇടം. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്ന് ആയിരം മടങ്ങ് തോന്നിപ്പിച്ച സ്ഥലം. കളിക്കാരന്‍ എന്ന നിലയില്‍ യാത്രപറയാന്‍ കൂടി ഒരു ദിവസം ഇവിടേക്ക് തിരിച്ചു കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെസി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. രണ്ട് പതിറ്റാണ്ടുകാലം ബൗഴ്സയില്‍ ചെലവഴിച്ച മെസ്സി ക്ലബിനൊപ്പം സാധ്യമായ കിരീടങ്ങള്‍ എല്ലാം സ്വന്തമാക്കിയിരുന്നു.

പി എസ് ജി താരമായിരിക്കെ അറ്ജന്റീന കുപ്പായത്തില്‍ ലോകകപ്പ് കിരീടം നേടിയ മെസി പിന്നീട് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി പന്ത് തട്ടാന്‍ പോയി. ഇതിനിടെയാണ് ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം മെസി വ്യക്തമാക്കിയത്.
