പ്രവാസി മലയാളികള്‍ 22 ലക്ഷത്തോളം, തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് വെറും 2,844 പേര്‍ മാത്രം

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ എണ്ണം ഏകദേശം 22 ലക്ഷത്തോളം വരുമ്പോഴും, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത പ്രവാസികളുടെ എണ്ണം വളരെ കുറവ്. ആകെ 2,844 പേര്‍ മാത്രമാണ് നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകളും വിമാനയാത്രാ ചെലവുകളുമാണ് വോട്ടവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് പ്രവാസികളെ പിന്തിരിപ്പിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ പ്രോക്‌സി വോട്ടോ അല്ലെങ്കില്‍ ഇ-തപാല്‍ വോട്ടോ അനുവദിക്കണമെന്നാണ് പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം.

പ്രവാസി വോട്ട് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിരുന്നു. പ്രവാസികള്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്ക് വോട്ടവകാശം നല്‍കുന്ന ‘പ്രോക്‌സി വോട്ട്’ ബില്‍ 2018-ല്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് പ്രോക്‌സി വോട്ടവകാശം ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. കൂടാതെ, വിദേശ എംബസികളിലെ ജീവനക്കാര്‍ക്ക് അവസരമൊരുക്കുന്ന ഇ-തപാല്‍ വോട്ടിങ് സംവിധാനത്തില്‍ പ്രവാസികളെയും പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് വര്‍ഷം മുമ്പ് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എംബസികളില്‍ വോട്ടു ചെയ്യാന്‍ അവസരമൊരുക്കുമെന്ന പ്രഖ്യാപനവും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
പ്രവാസി വോട്ടര്‍മാര്‍

തിരുവനന്തപുരം……….. 41
കൊല്ലം………………………. 48
പത്തനംതിട്ട……………….. 51
ആലപ്പുഴ…………………….. 52
കോട്ടയം…………………….. 53
ഇടുക്കി……………………….. 7
എറണാകുളം…………….. 87
തൃശൂര്‍………………………. 205
പാലക്കാട്………………….. 50
മലപ്പുറം…………………….. 447
കോഴിക്കോട്…………….. 1,232
വയനാട്……………………. 11
കണ്ണൂര്‍……………………… 486
കാസര്‍കോട്…………….. 74
