ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം; പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ കഴിയുന്നവരെയാണ് മോദി സന്ദര്‍ശിച്ചത്. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്നാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പ്രധാനമന്ത്രി തിരിച്ചെത്തിയ സാഹചര്യത്തില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുമായി പ്രധാനമന്ത്രി സംസാരിച്ചു. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കാര്യങ്ങളാണ് ചോദിച്ച് അറിഞ്ഞത്. കൂടാതെ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും വിശദവിവരങ്ങള്‍ മോദി ചോദിച്ചു.

തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. 20ഓളം ആളുകള്‍ ചികിത്സയില്‍ കഴിയുകയാണ്. ഫരീദാബാദില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.
ഫരീദാബാദ് റെയ്ഡില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്. ജമ്മു കശ്മീര്‍ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങള്‍ അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഉമര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. അതേസമയം, സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘത്തെയണ് എന്‍ഐഎ നിയോഗിച്ചിട്ടുള്ളത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.

