‘RRR കാണാത്ത അമേരിക്കക്കാരില്ല” ജെസ്സി ഐസന്‍ബെര്‍ഗ്

രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ NTR എന്നിവര്‍ അഭിനയിച്ച RRR കാണാത്തവര്‍ അമേരിക്കയില്‍ ഇല്ലായെന്ന് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്. നൗ യു സീ മീ : നൗ യു ഡോണ്ട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റേത്, മാത്രമല്ല ഹോളിവുഡിലെയും ഇന്ത്യന്‍ സിനിമാ നിര്‍മ്മാണത്തിന്റെയും ശൈലിയുടെ വളരെ മികച്ച ഒരു സംയോജനവും ചിത്രത്തിനുണ്ട്. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല എന്ന് തന്നെ പറയാം” ജെസി ഐസന്‍ബെര്‍ഗ് പറയുന്നു. താന്‍ ഇന്ത്യയില്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും അയല്‍രാജ്യമായ നേപ്പാളില്‍ വന്നിട്ടുണ്ട്, ഇന്ത്യയുമായി വളരെ സാമ്യം തോന്നി നേപ്പാളിനെന്നും അദ്ദേഹം പറയുന്നു.


ബാഹുബലി ചിത്രങ്ങള്‍ രാജ്യമാകെ തരംഗമായിരുന്നെങ്കില്‍ RRR ഇന്ത്യന്‍ സിനിമയുടെ പെരുമ ലോകമെങ്ങും ചെന്നെത്തിച്ചിരുന്നു. ഇതിഹാസ സംവിധായകരായ ജെയിംസ് കാമറൂണും, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗും, ഹോളിവുഡ് സൂപ്പര്‍താരം ക്രിസ് ഹെംസ്വര്‍ത്തും അടക്കമുള്ള പ്രമുഖരും ചിത്രത്തെ പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു.
നിലവില്‍ മഹേഷ് ബാബു നായകനും പൃഥ്വിരാജ് സുകുമാരന്‍ വില്ലനുമാകുന്ന ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ് രാജമൗലി. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ ചേര്‍ത്തിണക്കിയ ദി എപ്പിക്ക് നിലവില്‍ തിയറ്ററുകളില്‍ ആവേശം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.
