Fincat

SCവിഭാഗമായതിനാല്‍ മാത്രം വാദ്യമേളത്തില്‍ നിന്ന് ഒഴിവാക്കി;എളമ്ബങ്ങോട്ടുകാവ് ശിവക്ഷേത്രത്തില്‍ ജാതിവിവേചനമെന്ന് പരാതി


കോഴിക്കോട്: വടകര എളമ്ബങ്ങോട്ടു കാവ് ശിവക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതിനാല്‍ മാത്രം വര്‍ഷങ്ങളായി ചെയ്തു വരുന്ന വാദ്യമേളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം മുതല്‍ മലയന്‍ സമുദായത്തില്‍പ്പെട്ടവരെ ഒഴിവാക്കിയെന്നാണ് പരാതി.ക്ഷേത്രത്തിന്റെ നാലമ്ബലത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പുറത്ത് നിര്‍ത്തി കൊട്ടിച്ചെന്നും ജാതിയുടെ പേര് പറഞ്ഞ് പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
കുന്നുമ്മക്കര സ്വദേശികളായ വിനോദന്‍ എം, രതീഷ് എം, സുധീഷ് എം, കുഞ്ഞിരാമന്‍ എന്നിവരാണ് പരാതി നല്‍കിയത്. എളമ്ബങ്ങോട്ടു കാവ് ശിവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സുധീരന്‍ കെ എം, സെക്രട്ടറി വിനോദന്‍ പി കെ, ട്രഷറര്‍ സുന്ദരന്‍ ഒ എന്നിവര്‍ക്കും സമിതിയിലെ കണ്ടാല്‍ അറിയുന്ന ഭാരവാഹികള്‍ക്കുമെതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്കും കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുന്നത്. എളമ്ബങ്ങോട്ട് ക്ഷേത്രത്തില്‍ 60 വര്‍ഷത്തോളമായി മണ്ഡലവിളക്ക് ഉത്സവത്തിലും മൂന്ന് ദിവസത്തെ ശിവരാത്രി ഉത്സവത്തിലും പരാതിക്കാരും അവരുടെ പൂര്‍വികരുമായിരുന്നു വാദ്യം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നാണ് പരാതി.

‘2024 ഒക്ടോബറില്‍ ഇനി മുതല്‍ ക്ഷേത്രത്തിലെ ‘കുത്തുവിളക്ക്’ ചടങ്ങ് നമ്ബീശന്‍ സമുദായത്തില്‍പ്പെട്ടവര്‍ ചെയ്യുമെന്നും പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ വാദ്യം നടത്താന്‍ അനുമതി ഉണ്ടാകില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഈ കാര്യങ്ങളെ സ്ഥിരീകരിക്കുന്ന തരത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ എഴുത്തുണ്ടായിരുന്ന ഒരു വെള്ള പേപ്പറില്‍ പരാതിക്കാരനായ സുധീഷിനെ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന്, കഴിഞ്ഞ 60 വര്‍ഷമായി നടത്തിയ വാദ്യസേവനത്തിന് ‘ദക്ഷിണ’ എന്ന് പറഞ്ഞ് 10,000 രൂപ മൂന്നാം പരാതിക്കാരനായ കക്ഷിക്ക് നല്‍കുകയും ചെയ്തു’, എന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.
ഭീഷണിയും സാമൂഹിക സമ്മര്‍ദ്ദവും ചെലുത്തി നിയമവിരുദ്ധമായി ഒപ്പിടാന്‍ നിര്‍ബന്ധിപ്പിച്ചെന്നും ഇത് ബിഎന്‍എസ്, പട്ടികജാതി-പട്ടികവര്‍ഗ നിയമം പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്നും പരാതിയില്‍ പറയുന്നു. വാദ്യത്തില്‍ നിന്നും വിലക്കിയതിന് പിന്നാലെ വാദ്യം തുടരണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ക്ഷേത്ര ജീവനക്കാരിയായിരുന്ന പുഷ്പ മുഖാന്തരം ക്ഷേത്ര സമിതിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് എതിര്‍കക്ഷികള്‍ പരാതിക്കാരെ വിളിപ്പിക്കുകയും ക്ഷേത്രം തന്ത്രിയായ പ്രസാദ് നമ്ബൂതിരിയുടെ മധ്യസ്ഥതയില്‍ ഏറാഞ്ചേരി ഇല്ലത്തില്‍ വെച്ച്‌ ചര്‍ച്ച നടത്തിയെങ്കിലും വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടായില്ല.
പിന്നാലെ 2024 നവംബര്‍ 11ന് വീണ്ടും യോഗം വിളിക്കുകയും ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് 2024-ലെ മണ്ഡലവിളക്ക് മഹോത്സവത്തില്‍ ഇലത്താളവും ഇടംതലയും കൊട്ടാന്‍ അനുവദിക്കില്ലെന്നും പരാതിക്കാരില്‍ ഒരാള്‍ മാത്രം വലംതലയുമായി വന്നാല്‍ മതിയെന്ന് അറിയിച്ചെന്നും പരാതിയില്‍ പറയുന്നു. പൊതുവേ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുമ്ബിലാണ് വലംതല കെട്ടാറുള്ളതെങ്കിലും അന്ന് പുറത്ത് നിന്നാണ് വാദ്യം ചെയ്യാന്‍ അനുവദിച്ചതെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും വലം തല കൊട്ടാനായി ചെന്ന പരാതിക്കാരനെ വാദ്യവുമായി ക്ഷേത്രത്തിന്റെ അകത്തു കയറാന്‍ അനുവദിക്കാതെ പൊതു ഇടത്തില്‍ വെച്ച്‌ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.
’41 ദിവസം ഇപ്രകാരം ജാതീയമായ അയിത്താചരണം കാരണം വലം തലയുമായി ക്ഷേത്രത്തിന്റെ നാലമ്ബലത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പുറത്ത് നിര്‍ത്തി കൊട്ടിച്ചു. തിടമ്ബിനൊപ്പം പ്രദക്ഷിണം വെക്കുന്നതും എതിര്‍കക്ഷികള്‍ വിലക്കി. പൊതു ഇടത്തു വെച്ച്‌ ജാതികാരണം അപമാനിക്കപ്പെട്ടു. കര്‍ശനമായ അയിത്താചരണത്തിന്റെ ഫലമായി നമ്ബീശന്‍ സമുദായക്കാര്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കൊപ്പം കുത്തുവിളക്ക് പിടിക്കില്ല എന്നും മാരാര്‍ സമുദായക്കാര്‍ക്കൊപ്പം മാത്രമേ പിടിക്കുകയുള്ളു എന്നും പറഞ്ഞതിനാല്‍, 2024ലെ മണ്ഡലവിളക്ക് മഹോത്സവത്തില്‍ കുത്തുവിളക്ക് ചടങ്ങ് തന്നെ നടത്താതെയായി. തുടര്‍ന്ന് 2025-ലെ ശിവരാത്രി മഹോത്സവത്തില്‍ പട്ടികജാതിയില്‍പ്പെട്ട പരാതിക്കാരെ പൂര്‍ണ്ണമായും വിലക്കുകയും മാരാര്‍ സമുദായത്തില്‍പ്പെട്ടവരെ വാദ്യത്തിനായി നിയമിക്കുകയും ചെയ്തു’, പരാതിക്കാര്‍ പറഞ്ഞു.
നാട്ടിലുള്ള പ്രബല ജാതിയില്‍പ്പെട്ടവരുടെ നേതൃത്വത്തില്‍ നടക്കുന്ന ജാതി വിവേചനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയാല്‍ നാട്ടില്‍ നിന്ന് സാമൂഹിക വിലക്കും തൊഴില്‍ വിലക്കുമുണ്ടാകുമെന്ന ഭയത്താലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പരാതിക്കാര്‍ സൂചിപ്പിക്കുന്നുണ്ട്. ഈ മാസം 17-ന് ആരംഭിക്കുന്ന മണ്ഡലവിളക്ക് മഹോത്സവത്തിലും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

1 st paragraph