Fincat

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായ ഡോ. അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സർവകലാശാലയിലെ ഡോക്ടർ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോർട്ട്.ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോർട്ടുകള്‍. ഇയാള്‍ക്കായി ജമ്മു കശ്മീര്‍ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനഞ്ചുപേരില്‍ ഒരാളാണ് ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശിയായ ഡോ. അദീല്‍ റാത്തല്‍. അല്‍ഫല സര്‍വകലാശാലയിലെ തന്നെ ഡോക്ടർമാരായ മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് എന്നിവരാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് പുറമേ പന്ത്രണ്ട് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇതില്‍ ആറ് പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ഡോ. സജ്ജാദ്, ആരിഫ്, യാസിര്‍, മക്‌സൂദ്, ഇര്‍ഫാന്‍, സമീര്‍ എന്നിവരാണ് ജമ്മു കശ്മീര്‍ സ്വദേശികള്‍. അദീലിന് പുറമേ ഒരു ഉത്തർപ്രദേശ് സ്വദേശി കൂടി അറസ്റ്റിലായിട്ടുണ്ട്. ലഖ്‌നൗ സ്വദേശിയായ ഡോ. പെർവസ് ആയിരുന്നു അറസ്റ്റിലായത്.

1 st paragraph

അതേസമയം, അല്‍ഫലാ സര്‍വകലാശാലയുടെ സാമ്ബത്തിക സ്രോതസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഫൊറന്‍സിക് ഓഡിറ്റ് നടത്താനും നീക്കമുണ്ട്. അല്‍ഫലാ സര്‍വകലാശാലയില്‍ ബോംബ് സ്‌ക്വാഡ് എത്തി പിടിച്ചെടുത്ത വാഹനങ്ങള്‍ പരിശോധിച്ചു. ഡോക്ടര്‍ സംഘത്തിന്റെ മൂന്നാമത്തെ കാറും കണ്ടെടുത്തു. അല്‍ഫല സര്‍വകലാശാലയില്‍ പാര്‍ക്ക് ചെയ്ത നിലയിലാണ് മൂന്നാമത്തെ കാര്‍ കണ്ടെത്തിയത്. സ്‌ഫോടനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു.

ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച്‌ പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎയുടെ വാദം. ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. റിപ്പബ്ലിക്, ദീപാവലിദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും എന്‍ഐഎ പറഞ്ഞിരുന്നു.

2nd paragraph

തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനം. തൊട്ടുപിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. ആദ്യ ദിവസം എട്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അഞ്ച് പേരുടെ മരണം കൂടി സ്ഥിരീകരിച്ചിരുന്നു.