ഇന്ത്യൻ സ്ട്രൈക്കര്‍ ഇഷാൻ പണ്ഡിത മലപ്പുറത്തിനായി ബൂട്ടണിയും

ഇന്ത്യൻ ദേശീയ ഫുട്ബോള്‍ താരവും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവുമായ സൂപ്പർ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയെ ടീമിലെത്തിച്ചു മലപ്പുറം ഫുട്ബോള്‍ ക്ലബ്.സൂപ്പർ ലീഗ് കേരളയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന്റെ അറ്റാക്കിംഗ് കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് താരത്തെ ഇപ്പോള്‍ എംഎഫ്സി സൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകള്‍ക്ക് പുറമെ സ്പാനിഷ് ലീഗിലും ഇഷാൻ പന്ത് തട്ടിയിട്ടുണ്ട്. ഡെല്‍ഹി സ്വദേശിയായ താരത്തിന് 27 വയസ്സാണ് പ്രായം. ഈ സീസണില്‍ ഇതാദ്യമായാണ് വിദേശ താരങ്ങളെയൊഴിച്ച് മലയാളി അല്ലാത്തൊരു കളിക്കാരനെ മലപ്പുറം സൈൻ ചെയ്യുന്നത്.
ഐ.എസ്.എല്ലില്‍ എഫ്സി ഗോവ, ജെംഷഡ്പൂർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിയ ടീമുകള്‍ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ഗോവയ്ക്ക് വേണ്ടി 17 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകളും, ജംഷഡ്പൂരിന് വേണ്ടി 36 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളും, ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളില്‍ നിന്ന് 2 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഇന്ത്യൻ ദേശീയ ടീമിനായും ഇഷാൻ പണ്ഡിത ബൂട്ടണിഞ്ഞിട്ടുണ്ട്. സീനിയർ ടീമിന് വേണ്ടി 8 മത്സരങ്ങളില്‍ നിന്നും 1 ഗോളും നേടി. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെയാണ് ഇഷാൻ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയത്. 2023ല്‍ ഇന്റർകോണ്ടിനെന്റല്‍ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗം കൂടിയായിരുന്നു താരം.

ഇഷാൻ തന്റെ യൂത്ത് കരിയർ കൂടുതലും ചെലവഴിച്ചത് സ്‌പെയിനിലായിരുന്നു. അല്‍കോബെൻഡാസ്, യുഡി അല്‍മേരിയ, സിഡി ലെഗാനസ്, ജിംനാസ്റ്റിക്സ് ടാരഗോണ, ലോർക്ക എഫ്‌സി, പോബ്ല ഡി മാഫുമെറ്റ് തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകള്‍ക്കായും താരം പന്ത് തട്ടിയിട്ടുണ്ട്. ഒരു സ്പാനിഷ് ടോപ്പ് ഡിവിഷൻ ക്ലബ്ബിന്റെ യൂത്ത് ടീമിനായി കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഇഷാൻ.
