Fincat

ബിഎല്‍ഒയുടെ ആത്മഹത്യ ; പ്രതിഷേധം ശക്തം, ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും, തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച്

കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ചും നടത്തും. അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷന്‍ കൗണസിലും, അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പ്രതിഷേധം.

1 st paragraph

അതേസമയം, അനീഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ഏറ്റുകുടുക്ക ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയിലാണ് ചടങ്ങുകള്‍. അനീഷിന്റെ മരണം തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട തൊഴില്‍ സമ്മര്‍ദം കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ എസ്‌ഐആര്‍ ജോലികളും മരണവും തമ്മില്‍ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇതിനിടെ ബിഎല്‍ഒ ജോലി ചെയ്യുന്നതില്‍ അനീഷ് സിപിഎം ഭീഷണി നേരിട്ടിരുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. എന്നാല്‍ സിപിഎമ്മിനെതിരെ ആരോപണമുയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് നീക്കമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.