മദീനയിലെ ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരാള്‍; 24കാരന്‍ ഇരുന്നത് ഡ്രൈവര്‍ക്ക് സമീപമെന്ന് റിപ്പോര്‍ട്ടുകള്‍, ആശുപത്രിയില്‍ ചികിത്സയില്‍

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപമുണ്ടായ ബസ് അപകടത്തില്‍ 45 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ മരിച്ചപ്പോള്‍, മുഹമ്മദ് അബ്ദുള്‍ ഷൊഐബ് എന്ന 24കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന ബസ് ഒരു ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചപ്പോള്‍ ഷൊഐബ് ഡ്രൈവര്‍ക്ക് സമീപമായിരുന്നു ഇരുന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് സ്വദേശിയാണ് ഷൊഐബ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പുലര്‍ച്ചെ 1:30 ഓടെ എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച ബസില്‍ ഏകദേശം 46 പേര്‍ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. സഹായം ഏകോപിപ്പിക്കാനായി ജിദ്ദയിലെ ഇന്ത്യന്‍ മിഷന്‍ ഒരു കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നിലവില്‍ റഷ്യ സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘റിയാദിലെ ഞങ്ങളുടെ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും ഈ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നടുക്കുന്ന അപകടം
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടം ഉണ്ടായത്. ഉംറ തീര്‍ത്ഥാടര്‍ ഉള്‍പ്പെട്ട സമീപകാലത്തെ ഏറ്റവും വലിയ അപകടം. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. മദീനയിലെത്തുന്നതിന് 160 കിലോമീറ്റര്‍ അകലെ മുഹറഹാത്തിലാണ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയത്. ആളിപ്പടര്‍ന്ന തീയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് അനൗദ്യോഗിക വിവരം. ഇത് സ്ഥിരീകരിക്കപ്പടേണ്ടതുണ്ട്. സംഘത്തില്‍ 20 പേര്‍ സ്ത്രീകളും 11 കുട്ടികളുമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സിവില്‍ ഡിഫന്‍സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും തീയണച്ചതും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനം തുടങ്ങി. ആശുപത്രികളിലും മറ്റുമായി കോണ്‍സുലേറ്റ് ജീവനക്കാരെയും വളണ്ടിയര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് മക്കയില്‍ നിന്ന് മദീനയിലേക്ക് പോയവരാണ് തീര്‍ത്ഥാടക സംഘം. അപകടം എങ്ങനെയെന്നതിലും വിശദമായ വിവരങ്ങള്‍ വരേണ്ടതുണ്ട്.
