ഒരു സ്‌കൂളില്‍ നിന്ന് 85 എഴുത്തുകാര്‍; ലൈബ്രറി വാരാഘോഷം സംഘടിപ്പിച്ച് പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ

പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ എസ്എപിയില്‍ നടന്ന ലൈബ്രറി വാരാഘോഷം ഈ വര്‍ഷം അതുല്യമായ ഒരു വിജയകഥയായി. ഒരേയൊരു സ്‌കൂളില്‍ നിന്നുള്ള 85 വിദ്യാര്‍ത്ഥി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനം അതിന്റെ മുഖ്യ ഹൈലൈറ്റായിരുന്നു. Bribooks പ്രസാധകരുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച വിദ്യാര്‍ത്ഥികളുടെ ഈ പുസ്തകങ്ങളില്‍ ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍, ഷോര്‍ട്ട് സ്റ്റോറീസ്, കവിതകള്‍, വ്യക്തിപരമായ അനുഭവക്കുറിപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സാഹിത്യശൈലികള്‍ ഉള്‍പ്പെടുന്നു.

ദി ഹിന്ദുവിന്റെ മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ശ്രീമതി സരസ്വതി നാഗരാജന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍, ബാല എഴുത്തുകാരുടെ പ്രതിഭയെ അവര്‍ ഉയര്‍ന്ന നിലയില്‍ പ്രശംസിച്ചു. വായനയോടും എഴുത്തിനോടും വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തുന്ന ആവേശം സ്‌കൂളിന്റെ സമഗ്രമായ സര്‍ഗ്ഗാത്മക അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ജോസ് മാത്യു അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി ജമുന വി.എസ്., ഹെഡ്മിസ്ട്രസ് ശ്രീമതി സിനി എസ്., ലൈബ്രേറിയന്‍ ശ്രീമതി ശ്രീന പി. എന്നിവരും ലൈബ്രറി കമ്മിറ്റിയിലെ വിദ്യാര്‍ത്ഥി അംഗങ്ങളും പങ്കാളികളായി. യുവ എഴുത്തുകാരുടെ പ്രതിനിധി കുമാരി അപര്‍ണ തന്റെ സൃഷ്ടിപരമായ യാത്രയെക്കുറിച്ചും എഴുത്തിലൂടെതാന്‍ കൈവരിച്ച ആത്മവിശ്വാസത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്‌കൂള്‍ ലൈബ്രറിയും അധ്യാപക സമൂഹവും നല്‍കിയ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും അവര്‍ നന്ദി രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ കഥകളും ആശയങ്ങളും അക്ഷരാര്‍ത്ഥത്തില്‍ സ്‌കൂള്‍ ലൈബ്രറി വാരാഘോഷത്തെ ഒരു സാഹിത്യോത്സവമായി മാറ്റി.

