ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്കായി സൗദി കിരീടാവകാശി യുഎസില്‍ എത്തും, വമ്പന്‍ സ്വീകരണമൊരുക്കാന്‍ ട്രംപ്

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദര്‍ശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് അമേരിക്കന്‍ പ്രസിഡണ്ടും സൗദി കിരീടാവകാശിയും തമ്മില്‍ നടക്കാന്‍ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക.

ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധം ദൃഢമാക്കുന്നത് പ്രധാന അജണ്ടയാക്കിയ അമേരിക്കന്‍ പ്രസിഡണ്ട്, സൗദി കിരീടാവകാശി വൈറ്റ് ഹൗസിലെത്തുമ്പോള്‍ ഒരുക്കുന്നത് മറക്കാനാവാത്ത സ്വീകരണമാണെന്നുറപ്പ്. സൗദിക്കും കിരീടാവകാശിക്കുമുള്ള ആദരമായി സന്ദര്‍ശനം മാറുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദര്‍ശനമാണിത്. മറ്റന്നാളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസിലെത്തുക. ഓവല്‍ ഓഫീസിലെ ഉഭയകക്ഷി കൂടിക്കാഴ്ച്ച, പ്രധാന സൈനിക – വ്യാപാര കരാറുകള്‍ എന്നിവ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. സൗദി കിരീടാവകാശിക്ക് അമേരിക്കന്‍ പ്രസിഡണ്ട് അത്താഴ വിരുന്നൊരുക്കും. വമ്പന്‍ വ്യാപാര ചര്‍ച്ചകളും ഇരുവരും തമ്മില്‍ നടക്കുമെന്നാണ് പ്രതീക്ഷ.
മാസങ്ങള്‍ക്ക് മുന്‍പ് ഡോണള്‍ഡ് ട്രംപ്, സൗദി ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ബില്യണ്‍ കണക്കിന് ഡോളര്‍ കരാറുകളാണ് പിറന്നത്. അമേരിക്കന്‍ വിപണിക്ക് തന്നെ ഇത് വലിയ ഊര്‍ജമായിരുന്നു. അന്ന് സൗദി കിരീടാവകാശിയുടെ മുന്നില്‍ വെച്ച് സിറിയക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുന്നത് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. പുതിയ കൂടിക്കാഴ്ച്ചയില്‍ ചൊവ്വാഴ്ച്ചയും സര്‍പ്രൈസ് പ്രഖ്യാപനങ്ങളും തീരുമാനങ്ങളും പ്രതീക്ഷിക്കാം.

അതിനിടെ യു എസില്‍ നിന്ന് പുറത്തുവന്ന മറ്റൊരു വാര്‍ത്ത ബീഫ്, തക്കാളി, വാഴപ്പഴം തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ തീരുവ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു എന്നതാണ്. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങളുടെ ഉയര്‍ന്ന വിലയെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ആദ്യം ഏര്‍പ്പെടുത്തിയ വന്‍ ഇറക്കുമതി തീരുവകള്‍ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. ഉപഭോക്തൃ വില സൂചികയില്‍, സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബീഫിന് ഏകദേശം 13% വില കൂടുതലായിരുന്നു, സ്റ്റീക്കുകളുടെ വില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം 17% കൂടുതലാണ്. ട്രംപിന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ കീഴില്‍ പണപ്പെരുപ്പം അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ മുതല്‍, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില വര്‍ധനവാണ് ഉണ്ടായത്. വാഴപ്പഴത്തിന്റെ വില ഏകദേശം 7% കൂടുതലായിരുന്നു, അതേസമയം തക്കാളിയുടെ വില 1% കൂടുതലായിരുന്നു. വീട്ടില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ചെലവ് സെപ്റ്റംബറില്‍ 2.7% വര്‍ദ്ധിച്ചിരുന്നു. ട്രംപ് ഭരണത്തില്‍ വന്നതോടെ, ഓരോ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന താരിഫ് ചുമത്തിയും, സംസ്ഥാനം അനുസരിച്ച് വ്യത്യസ്തമായ അധിക നിര്‍ദ്ദിഷ്ട തീരുവകളും ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് ആഗോള വ്യാപാര വ്യവസ്ഥയെ അട്ടിമറിച്ചു. ഇറക്കുമതി തീരുവയുടെ മുഴുവന്‍ ഭാരവും കമ്പനികള്‍ വഹിക്കാന്‍ തുടങ്ങുമ്പോള്‍ അടുത്ത വര്‍ഷം സാധാനങ്ങളുടെ വില കൂടുതല്‍ ഉയരുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
