ശുഭ്മൻ ഗില്‍ ഇന്ത്യൻ ടീമിനൊപ്പം തുടരും; പക്ഷേ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല. ആദ്യ ടെസ്റ്റിനിടെ താരത്തിന്റെ കഴുത്തിന് പരിക്കേറ്റതാണ് കാരണം.എന്നാല്‍ ഇന്ത്യൻ ടീമിനൊപ്പം ഗില്ലും രണ്ടാം ടെസ്റ്റ് നടക്കുന്ന ഗുവാഹത്തിയിലേക്ക് സഞ്ചരിക്കും. യുവ ഇന്ത്യൻ നായകൻ ഇനിയെപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഡോക്ടർമാർ താരത്തിന് തല്‍ക്കാലത്തേയ്ക്ക് വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മൻ ഗില്‍ കളിച്ചില്ലെങ്കില്‍ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ഇന്ത്യൻ ക്യാപ്റ്റനാകും. എന്നാല്‍ പിന്നാലെ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യൻ ക്യാപ്റ്റൻ ആരാകുമെന്നതിലാണ് ആകാംഷ. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയില്‍ വെച്ച് പരിക്കേറ്റിരുന്നു. ഗില്‍ കളിച്ചില്ലെങ്കില്‍ ഏകദിന ടീമിന് പുതിയ നായകനെ കണ്ടെത്തേണ്ടി വരും.

നവംബർ 22 മുതല്‍ 26 വരെ അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഈഡൻ ഗാർഡനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്ബര സമനിലയിലാക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗില്‍ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായി സുദർശൻ, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

