ബിഎല്‍ഒമാര്‍ക്ക് വീണ്ടും’പണി’;തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു,വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശം

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ജോലികളില്‍ കടുത്ത സമ്മര്‍ദം നേരിടുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) വീണ്ടും’പണി’. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതരായ ബിഎല്‍ഒമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍മാരായും പോളിംഗ് ഓഫീസര്‍മാരായുമാണ് നിയോഗിച്ചത്. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിക്ക് കയറണമെന്ന് ജില്ലാ കളക്ടര്‍മാരാണ് നിര്‍ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഡ്യൂട്ടി നല്‍കിയത്. ബിഎല്‍ഒമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ അതില്‍നിന്ന് നേര്‍വിപരീതമാണ് നിലവിലെ നിര്‍ദേശം. ഡിസംബര്‍ നാലിന് എസ്ഐആറുമായി ബന്ധപ്പെട്ട ജോലികള്‍ കഴിയുന്നതിനാലാണ് അടുത്ത ‘പണി’യെന്നാണ് ഇത് ചോദ്യം ചെയ്ത ബിഎല്‍ഒമാര്‍ക്ക് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച മറുപടി.
കണ്ണൂര്‍ പയ്യന്നൂരില്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് വലിയ സമ്മര്‍ദമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ജോലി സമ്മര്‍ദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് ബിഎല്‍ഒമാര്‍ രംഗത്തെത്തിയിരുന്നു.

