വിമാനത്തില്‍ പറന്നിറങ്ങിയത് അടുക്കള പാത്രങ്ങളുമായി, എക്‌സ് റേ സ്‌ക്രീനിങ്ങില്‍ പതിഞ്ഞ ചിത്രങ്ങളില്‍ സംശയം; പരിശോധനയില്‍ കള്ളിവെളിച്ചത്തായി, അറസ്റ്റ്

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 6E1064 വിമാനത്തില്‍ 2025 നവംബര്‍ 17 ന് എത്തിയ യാത്രക്കാരനെ ഗ്രീന്‍ ചാനല്‍ എക്‌സിറ്റില്‍ വച്ച് പ്രൊഫൈലിങ് അടിസ്ഥാനത്തില്‍ തടയുകയായിരുന്നു. ബാഗേജിന്റെ എക്‌സ് റേ സ്‌ക്രീനിങ്ങില്‍ സംശയാസ്പദമായ ചിത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിപ്പോള്‍ ബാഗിനുള്ളില്‍ ഹൈഡ്രോ പോണിക്‌സ് കഞ്ചാവ് പിടികൂടിയതോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയില്‍ അടുക്കള ഉപകരണങ്ങളുടെ അടിഭാഗത്ത് സൂക്ഷ്മമായി ഒളിപ്പിച്ച നിലയില്‍ 874 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെടുത്തത്. പച്ചനിറത്തിലുള്ള ഈ മയക്കുമരുന്ന് വിദഗ്ധമായി മറച്ചുവച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തെന്നും കേസെടുത്തെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഹൈഡ്രോപോണിക് കഞ്ചാവ്
കഞ്ചാവ് വകഭേദമാണ് ഹൈഡ്രോ അഥവാ ഹൈഡ്രോപോണിക് കഞ്ചാവുകള്‍. വളരെ വീര്യം കൂടിയതാണ് ഇവ. ഫാമുകളിലും ഗ്രീന്‍ഹൗസുകളിലായി നിയന്ത്രിത താപനിലയിലും ഈര്‍പ്പത്തിലും വളര്‍ത്തിയെടുക്കുന്നവയാണ്. തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇവ ലഭിക്കുന്നത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാള്‍ ടെട്രാഹൈഡ്രോകനാബിനോള്‍ (ടി എച്ച് സി) അളവ് ഇവയില്‍ വളരെ കൂടുതലാണ്. ഹൈഡ്രോ കഞ്ചാവ് അത്യധികം ലഹരിയുള്ളതാണ്.

