‘ഇന്ത്യ പഠിക്കുന്നില്ല’; ഗംഭീര്‍ ഉള്‍പ്പെടെയുള്ള ടീം മാനേജ്മെന്റിനെതിരെ വാളോങ്ങി മുന്‍ താരങ്ങള്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഞെട്ടിക്കുന്ന തോല്‍വി നേരിട്ട ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. സൗരവ് ഗാംഗുലി, കെ ശ്രീകാന്ത്, ഹര്‍ഭജന്‍ സിംഗ്, ചേതേശ്വര്‍ പുജാര തുടങ്ങിയവരാണ് ടീമിനെയും ടീം മാനേജ്മെന്റിനെയും വിമര്‍ശിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സ് ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയുടെ വിജയലക്ഷ്യം 124 റണ്‍സ്. ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ ഇന്ത്യ വെറും 93 റണ്‍സില്‍ നിലം പൊത്തി. ദക്ഷിണാഫ്രിക്കയെ തകര്‍ക്കാന്‍ തയ്യാറാക്കിയ സ്പിന്‍ വിക്കറ്റില്‍ കറങ്ങി വീണത് ടീം ഇന്ത്യ.

പിച്ചിന് കുഴപ്പമൊന്നും ഇല്ലെന്നും ടീം മാനേജ്മെന്റ് ആവശ്യപ്പെട്ട വിക്കറ്റാണ് ക്യൂറേറ്റര്‍ തയ്യാറാക്കിയത് എന്നുമായിരുന്നു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ പ്രതികരണം. ഇതിനെയാണ് കെ ശ്രീകാന്തും ഹര്‍ഭജന്‍ സിംഗും ചേതേശ്വര്‍ പുജാരയുമെല്ലാം ചോദ്യം ചെയ്യുന്നത്. സ്പിന്‍ വിക്കറ്റൊരുക്കി ഇന്ത്യ സ്വയം കെണിയില്‍ വീഴുക ആയിരുന്നുവെന്നും തുടര്‍ പിഴവുകളില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കുന്നില്ലെന്നും സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കൂടിയായ കെ ശ്രീകാന്ത്. രണ്ട് ടീമിനും 200 റണ്‍സ് നേടാനായില്ല. ബൗളിംഗ് അറിയാത്തവര്‍ക്കുപോലം ഈ പിച്ചില്‍ വിക്കറ്റ് കിട്ടും.
ഈ പിച്ച് നല്ലതാണെന്ന് എങ്ങനെ പറയാനാവമെന്ന് ശ്രീകാന്ത് ചോദിക്കുന്നു. ആദ്യ ദിവസം തന്നെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചൊരുക്കുന്നതിലൂടെ ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലുകയാണെന്ന് ഹര്‍ഭജന്‍ സിംഗ്. ഈ പിച്ചില്‍ വിക്കറ്റ് എടുക്കുന്നത് നേട്ടമായി കാണാന്‍ കഴിയില്ല. പിച്ചാണ് വിക്കറ്റ് നേടുന്നത്. ബാറ്ററുടേയോ ബൗളറുടോയെ മികവ് പരീക്ഷിക്കപ്പെടാത്ത മത്സരം കൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്നും ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍.

മികച്ച ബാറ്റര്‍മാരുണ്ടായിട്ടും ഇത്ര ദയനീയമായി തോറ്റതിന്റെ ഉത്തരവാദിത്തം ടീം മാനേജ്മെന്റിനാണെന്ന് ചേതേശ്വര്‍ പുജാര പറയുന്നു. എന്നാല്‍ ടീം കോംപിനേഷനിലെ പിഴവാണ് മുന്‍നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ചൂണ്ടി കാട്ടുന്നത്. സ്പിന്നര്‍മാര്‍ക്കൊപ്പം ബുമ്ര, സിറാജ്, ഷമി പേസ് ത്രയത്തിലും കോച്ച് ഗംഭീര്‍ വിശ്വാസമര്‍പ്പിക്കണം. ഷമി ടെസ്റ്റ് ടീമില്‍ ഇല്ലാത്തത് അത്ഭുതമാണ്. സ്പിന്‍ പിച്ചൊരുക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സുണ്ടാവില്ല. മൂന്നാം ദിവസം ജയിക്കുകയല്ല ലക്ഷ്യം. ടെസ്റ്റ് അഞ്ച് ദിവസത്തെ കളിയാണെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് മറക്കരുതെന്നും ഗാംഗുലി.
