വിഎം വിനുവിന് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്ലാന്‍ ബി സജ്ജം; ഇനിയും സര്‍പ്രൈസ് ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്

കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം വിനുവിന് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്ലാന്‍ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം ഇനി നടക്കുക വിനുവിന്റെ നേതൃത്വത്തിലായിരിക്കുമെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. വിഷയത്തില്‍ വിഎം വിനു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇനിയും സര്‍പ്രൈസുണ്ടാകും. പ്ലാന്‍ ബിയും ഒരു സര്‍പ്രൈസായിരിക്കുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന മൂലമാണ് വിനുവിന്റെ പേരു വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയത്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച് പരാതിയില്‍ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. 2020ലെ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേരു ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ട് ആണ് ഇ ആര്‍ ഒ ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരങ്ങള്‍ വി എം വിനു വിനിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി എം വിനു ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
