ജെമിനി 3 അവതരിപ്പിച്ച് ഗൂഗിള്‍; ഏറ്റവും മികച്ചത്, കുറഞ്ഞ പ്രോംപ്റ്റിലൂടെ ആവശ്യമുള്ളത് ലഭിക്കും

ഗൂഗിളിന്റെ പുത്തന്‍ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിള്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച മോഡല്‍ എന്നാണ് അവകാശവാദം. ഇപ്പോള്‍ ലഭ്യമായിട്ടുള്ള എഐ മോഡലുകളില്‍ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത പ്രശ്നങ്ങളും കോഡിങും കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ മികവ് പുലര്‍ത്തുമെന്നാണ് ഗൂഗിളിന്റെ ഉറപ്പ്.

സെര്‍ച്ച് ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്റെ ഉറപ്പ്. എല്ലാ ഉപയോക്താക്കള്‍ക്കും ജെമിനി ആപ്പിലും ഇത് ലഭ്യമാകും. എങ്കിലും സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ള പ്ലാന്‍ അനുസരിച്ച് ഉപയോഗ പരിധിയില്‍ വ്യത്യാസമുണ്ടാകും. നിലവില്‍ 65 കോടിയിലേറെ ഉപയോക്താക്കള്‍ എല്ലാ മാസവും ജെമിനി എഐ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ പറയുന്നു.
സുന്ദര്‍ പിച്ചെ പറഞ്ഞത്…

‘ജെമിനി 3 യുക്തിഭദ്രമായ ചിന്തയുടെ കാര്യത്തില്‍ അത്യാധുനികമാണ്. ഒരു ആശയത്തിലെ സൂക്ഷ്മമായ സൂചനകള്‍ മനസ്സിലാക്കുന്നതിനോ, അല്ലെങ്കില്‍ ഒരു ദുഷ്‌കരമായ പ്രശ്‌നത്തെ വേര്‍തിരിച്ചെടുക്കുന്നതിനോ എല്ലാം ജെമിനി 3ന് കഴിയും. നിങ്ങളുടെ ആവശ്യത്തിന് പിന്നിലെ സന്ദര്‍ഭവും ഉദ്ദേശവും കണ്ടെത്താന്‍ ജെമിനി 3-ക്ക് കൂടുതല്‍ കഴിവുണ്ട്. അതിനാല്‍ കുറഞ്ഞ പ്രോംപ്റ്റിംഗ് വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുന്നു. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍, എഐ വെറും ടെക്സ്റ്റുകളും ഇമേജുകളും വായിക്കുന്നതില്‍ നിന്ന് സന്ദര്‍ഭം വായിക്കാന്‍ കഴിവുള്ളതായി പരിണമിച്ചുവെന്നത് വിസ്മയകരമാണ്”- ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ വിശദീകരിച്ചു’
പുതിയ എഐ മോഡലിന് വ്യത്യസ്ത തരം ഉള്ളടക്കങ്ങള്‍ വിശകലനം ചെയ്യാനും മനസ്സിലാക്കാനും കഴിയുമെന്ന് ഗൂഗിള്‍ പറയുന്നു. കൈകൊണ്ട് എഴുതിയ കുറിപ്പുകള്‍, നീണ്ട ഗവേഷണ പ്രബന്ധങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡെവലപ്പര്‍മാര്‍ക്കായി ജെമിനി 3 ആന്റിഗ്രാവിറ്റി കൊണ്ടുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ടാസ്‌ക്കുകള്‍ ആസൂത്രണം ചെയ്യാനും ടൂളുകള്‍ ഉപയോഗിക്കാനും കൂടുതല്‍ സമയത്തേക്ക് മള്‍ട്ടി-സ്റ്റെപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയും എന്നാണ് ഗൂഗിള്‍ പറയുന്നത്.
