ശബരിമലയിലെ ഭക്തജനത്തിരക്ക്; ഇങ്ങനൊരു ദുരിതം ഒരുകാലത്തും ഉണ്ടായിട്ടില്ല, സര്‍ക്കാര്‍ ഉറങ്ങുകയാണ്: രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ശബരിമലയില്‍ യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്നും സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഇങ്ങനൊരു ദുരിതം ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘ശബരിമലയില്‍ വേണ്ടത്ര പൊലീസില്ല, ഉദ്യോഗസ്ഥരില്ല. ദേവസ്വംമന്ത്രിയെ കാണാന്‍ പോലുമില്ല. ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ച് മാറ്റാന്‍ മാത്രമാണ് ശ്രമം. ഇവിടെ ഒരു സര്‍ക്കാരില്ലേ? ഭക്തരോട് കരുണ കാണിക്കണം. ക്രമീകരണങ്ങള്‍ ഒരുക്കണം. ഇല്ലെങ്കില്‍ ഭക്തരായ പലയാളുകളും വരാതിരിക്കും’: രമേശ് ചെന്നിത്തല പറഞ്ഞു. പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് മുന്നൊരുക്കങ്ങള്‍ ചെയ്യാമായിരുന്നില്ലേ എന്നും എന്തുകൊണ്ട് നേരത്തെ യോഗം വിളിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ ഹൈക്കോടതി ഇടപെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനം സംബന്ധിച്ച ഒരുക്കങ്ങള്‍ ഒരുമാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഏകോപനമില്ലാത്തതാണ് പ്രശ്‌നമെന്നും ഹൈക്കോടതി പറഞ്ഞു. നിലയ്ക്കല്‍ മുതല്‍ സന്നിധാനവും പതിനെട്ടാംപടിയും വരെയുളള സ്ഥലങ്ങള്‍ അഞ്ചോ ആറോ ആയി തിരിച്ച് ഓരോ സ്ഥലത്തും എത്ര സമയം എത്രപേരെ ഉള്‍ക്കൊളളാന്‍ കഴിയുമെന്ന് തീരുമാനിക്കണമെന്നും അതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ എത്തുന്നവരെ ശ്വാസംമുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവര്‍ ഭക്തരാണഅ. അതുകൊണ്ടുതന്നെ അവര്‍ വരും. അവിടെ ഒരുക്കങ്ങള്‍ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു.
