33 കാരി ആര്യ ദാസ്, വീട് തിരുമല, ഫേസ്ബുക്ക് ചാറ്റിനൊടുവില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിച്ചു, 2 മാസത്തിനുള്ളില്‍ തട്ടിയത് 16.6 ലക്ഷം! റിമാന്‍ഡില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയില്‍ നിന്ന് 16.6 ലക്ഷം രൂപ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം തിരുമല പുത്തേരില്‍ വീട്ടില്‍ ആര്യ ദാസിനെയാണ് (33) ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പ്രതിയെ നവംബര്‍ 18 ന് അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ ആന്‍ ജേക്കബ്ബ് മെഡിക്കല്‍ കോളജിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. വ്യാജ ആപ്പില്‍ പണം നിക്ഷേപിക്കാനായി പരാതിക്കാരനില്‍ നിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആര്യയാണ് പണം കൈപ്പറ്റിയതെന്ന് പൊലീസ് കണ്ടെത്തിയരുന്നു.

തട്ടിപ്പുകാര്‍ പരാതിക്കാരനെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് കെണിയിലാക്കിയത്. വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പണം തട്ടുകയായിരുന്നു. ഈ വ്യാജ ആപ്പിലൂടെ പ്രതികള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടു മാസത്തിനിടയില്‍ 16.6 ലക്ഷം രൂപയാണ് പരാതിക്കാരന്‍ അയച്ചു കൊടുത്തത്. നിക്ഷേപിച്ച പണത്തിന് ലാഭം ഉള്‍പ്പെടെ വ്യാജ ആപ്പില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റാതെ വന്നപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരന്‍ മനസിലാക്കിയത്.
തുടര്‍ന്ന് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ഐ പി എസ്സിന്റെ നിര്‍ദേശപ്രകാരം നവംബര്‍ 10 ന് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരാതിക്കാരന് നഷ്ടമായ പണം അറസ്റ്റിലായ ആര്യദാസ് തന്റെ പേരിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് അയച്ചു വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

4.5 ലക്ഷം രൂപ തിരിച്ച് പിടിച്ചു
അന്വേഷണത്തിനൊടുവില്‍ ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ് പി സന്തോഷ് എം എസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ആതിര ഉണ്ണികൃഷ്ണന്‍, ശരത്ചന്ദ്രന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് ജെ, ദീപ്തിമോള്‍, സി പി ഒ മാരായ ജേക്കബ് സേവ്യര്‍, ആരതി കെ.യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ 4.5 ലക്ഷം രൂപ എന്‍ സി ആര്‍ പി പോര്‍ട്ടല്‍ വഴി പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിനായി മരവിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് ഐ പി അഡ്രസ്സുകള്‍ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു. കേരളത്തില്‍ എറണാകുളം സിറ്റിയിലും, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി പ്രതിക്കെരെ 28 പരാതികള്‍ നിലവിലുണ്ട്.
