Fincat

ഗുരുവായൂരില്‍ കോലീബി സഖ്യമാരോപിച്ച് 25ഓളം പേര്‍ മുസ്ലിം ലീഗ് വിട്ടു

ഗുരുവായൂരില്‍ കോലീബി സഖ്യമെന്ന് ആരോപിച്ച് ഗുരുവായൂര്‍ തൈക്കാട് മേഖലയില്‍ 25 ഓളം പേര്‍ മുസ്ലിം ലീഗ് വിട്ടു. എല്‍ഡിഎഫിനെ പിന്തുണക്കുമെന്നും ഇവര്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ 14, 15, 17 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ്-ലീഗ്-ബിജെപി കൂട്ടുകെട്ട് രൂപം കൊണ്ടതായി ആരോപണം ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് ആര്‍.എച്ച്. യൂസഫലിയുടെ നേതൃത്വത്തില്‍ ആറുപേരാണ് മുസ്ലിം ലീഗില്‍ നിന്ന് രാജി വെച്ചത്. ഇവരും കുടുംബങ്ങളും അടക്കം 25 ഓളം പേര്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് യൂസഫലി പറഞ്ഞു.
സിപിഐ പ്രവര്‍ത്തകനായിരുന്ന യൂസഫലിയടക്കമുള്ളവര്‍ രാജിവെച്ച് ഏഴുമാസം മുമ്പാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. സബ്‌സ്റ്റേഷന്‍ വാര്‍ഡിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി റഷീദ് കുന്നിക്കലിനെ വിജയിപ്പിക്കാന്‍ ബിജെപി രംഗത്തിറങ്ങിയേക്കുമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പകരം തൈക്കാട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഷാജി കുര്യനെ ലീഗ് പിന്തുണക്കും. ഇരിങ്ങപ്പുറം വാര്‍ഡില്‍ സി പി ഐ സ്ഥാനാര്‍ത്ഥി കെ.കെ. ജ്യോതിരാജിനെ തോല്‍പ്പിക്കാനും ഒരു ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ രഹസ്യ ധാരണയായതായി ഇവര്‍ ആരോപിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയും ഇവര്‍ക്ക് രഹസ്യ പിന്തുണയുണ്ടെന്നും ലീഗ് വിട്ടവര്‍ ആരോപിച്ചു.

1 st paragraph