മറ്റുരാജ്യങ്ങളോട് അരുതെന്ന് വിലക്കും, സ്വന്തം കാര്യം വരുമ്പോള്‍ സ്വാഹ! ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യം അമേരിക്ക

വാഷിംങ്ടണ്‍: ചൈനയില്‍നിന്ന് വായ്പയെടുക്കുന്നതില്‍ മറ്റുരാജ്യങ്ങളെ വിലക്കുന്ന അമേരിക്ക, 2000-2023 കാലത്ത് 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടി യോളം രൂപ) വായ്പ വായ്പ ചൈനയില്‍ നിന്ന് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 2.2 ലക്ഷം കോടി ഡോളറിന്റെ വായ്പയാണ് ചൈന ലോകമാകമാനം നല്‍കിയത്. യുഎസിലെ വില്യം ആന്‍ഡ് മേരി സര്‍വകലാശാലയിലെ ഗവേഷണ ലാബായ എയ്ഡ്ഡേറ്റ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ടെക്‌സസിലെയും ലൂയിസിയാനയിലെയും എല്‍എന്‍ജി പദ്ധതികള്‍, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്‌ക്കെല്ലാം ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് അമേരിക്കന്‍ സ്ഥാപനങ്ങള്‍ വായ്പയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോളതലത്തില്‍ ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ വായ്പ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നും അമേരിക്കയാണ്. 2000 നും 2023 നും ഇടയില്‍ 200 ലധികം രാജ്യങ്ങളിലായി 2.2 ട്രില്യണ്‍ ഡോളറിന്റെ സഹായം ചൈന നല്‍കി. ചൈനീസ് ധനസഹായം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന പൊതു അനുമാനത്തിന് വിരുദ്ധമാണ് റിപ്പോര്‍ട്ട്.
ചൈനയുടെ വിദേശ വായ്പാ പ്രവര്‍ത്തനങ്ങളില്‍ മുക്കാല്‍ ഭാഗത്തിലധികവും ഇപ്പോള്‍ ഉയര്‍ന്നതോ ഇടത്തരം വരുമാനമുള്ളതോ രാജ്യങ്ങളിലെ പദ്ധതികള്‍ക്കാണ് നല്‍കുന്നതെന്നും അടിസ്ഥാന സൗകര്യങ്ങള്‍, ധാതുക്കള്‍, ചൈനയുടെ ദേശീയ സുരക്ഷാ ലക്ഷ്യങ്ങള്‍ക്ക് ആസ്തികള്‍ ഏറ്റെടുക്കല്‍ എന്നിവയിലാണ് കൂടുതല്‍ പണം വായ്പയായി നല്‍കുന്നതെന്നും പറയുന്നു.
കഴിഞ്ഞ ദശകത്തിലേറെയായി, ചൈന കൊള്ളയടിക്കുന്ന വായ്പക്കാരനാണെന്നും വായ്പകളിലൂടെ ചൈന മറ്റു രാജ്യങ്ങളെ നിയന്ത്രിക്കുകയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുകയാണ്. വികസ്വര രാജ്യങ്ങള്‍ സഹായം തേടിയെത്തിയതോടെ ചൈന ഏറ്റവും വലിയ ഔദ്യോഗിക വായ്പാദാതാവായി മാറി. അതേസമയം, ചൈന രാജ്യങ്ങളെ സുസ്ഥിരമല്ലാത്ത കടത്തിലേക്ക് തള്ളിവിടുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു. യുഎസിലെ ഏകദേശം 2,500 പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ചൈനീസ് വായ്പ ഉപയോഗിച്ചത്.
2000 മുതല്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ യുഎസ് ഹൈടെക് കമ്പനികളുടെ ഏറ്റെടുക്കലിനും എല്‍എന്‍ജി പദ്ധതികള്‍, ഊര്‍ജ്ജ പൈപ്പ്ലൈനുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. യുകെക്ക് 60 ബില്യണ്‍ ഡോളറും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് 161 ബില്യണ്‍ ഡോളറും ചൈനയില്‍ നിന്ന് വായ്പയായി ലഭിച്ചതായി എയ്ഡ്ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു.

