ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന്റെ വീട്ടില്‍ പരിശോധന, കടകംപള്ളിക്ക് കുരുക്കായി നിര്‍ണായക മൊഴി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്.ഐ.ടി പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് എസ്‌ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്‌ഐടി. കട്ടിള പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാറിനും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാന്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫയലൊന്നും താന്‍ കണ്ടിട്ടില്ലെന്ന് കടകംപള്ളി വിശദീകരിക്കുമ്പോഴാണ് പത്മകുമാറിന്റെ നിര്‍ണ്ണായക മൊഴി.
തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി എസ്‌ഐടി മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തും. പിന്നാലെ പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടോയെന്നതടക്കം പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളിയുമായുളള പല ചിത്രങ്ങള്‍ ഇതിനകം പുറത്ത് വന്നിരുന്നു. പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക ഉപയോഗിച്ച് മണ്ഡലത്തില്‍ കടകംപള്ളി ചില പദ്ധതികള്‍ നടത്തിയതായും എസ്‌ഐടിക്ക് വിവരമുണ്ട്. ഈ ബന്ധം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നതടക്കം പരിശോധിക്കും.

