കേരളത്തിലെ എസ്‌ഐആര്‍: സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ എസ്‌ഐആറില്‍ ഇന്ന് നിര്‍ണ്ണായകം. തീവ്രവോട്ടര്‍പട്ടിക പരിഷ്‌ക്കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്സീം ലീഗ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബീഹാര്‍ എസ്‌ഐആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, എസ്‌ഐആര്‍ തന്നെ ഭരണഘടന വിരുദ്ധം എന്ന വാദമാണ് മുസ്ലിംലീഗ്, കോണ്‍ഗ്രസ്, സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. സ്റ്റേ ആവശ്യം പ്രധാനമായി ഉന്നയിക്കാനാണ് സിപിഎം അടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. നേരത്തെ ബീഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

