അധ്യാപകന്‍ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മധ്യപ്രദേശില്‍ അധ്യാപകന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ രേവ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കുറിപ്പ് എഴുതിയതായി പൊലീസ് വെള്ളിയാഴ്ച പറഞ്ഞു. നവംബര്‍ 16നാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) ആരതി സിംഗ് പറഞ്ഞു. അവരുടെ നോട്ട്ബുക്കില്‍ നിന്ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

അധ്യാപകന്‍ അടിക്കുന്നതിനിടെ തന്റെ കൈ പിടിച്ചുവെന്നും അയാളുടെ അടച്ച മുഷ്ടി തുറക്കാന്‍ വെല്ലുവിളിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. ശിക്ഷയുടെ മറവില്‍ അധ്യാപകന്‍ തന്റെ വിരലുകള്‍ക്കിടയില്‍ ഒരു പേനവെച്ച് അമര്‍ത്തിയെന്നും കുട്ടി പറയുന്നു. ബെഞ്ചില്‍ ഇരിക്കുമ്പോള്‍ അധ്യാപകന്‍ അശ്രദ്ധമായി തന്റെ കൈ പിടിച്ചുവെന്നും കൈ എത്ര തണുത്തതാണെന്ന് തന്നോട് പറയാറുണ്ടെന്നും വിദ്യാര്‍ത്ഥിനി ആരോപിച്ചു. സംഭവത്തില്‍ സമ?ഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് എഎസ്പി സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം പത്താം ക്ലാസ് വിദ്യാര്‍ത്ഥി ദില്ലിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി മരിച്ചിരുന്നു. 16 വയസ്സുള്ള ആ കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ചില അധ്യാപകരുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. മാനസികമായി പീഡിപ്പിക്കുകയും കുടുംബത്തോട് ക്ഷമ ചോദിക്കുകയും അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തായിരുന്നു മരണം. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മറാത്തിയില്‍ സംസാരിക്കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് 19 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിയായ അര്‍ണവ് ലക്ഷ്മണ്‍ ഖൈരെ ചൊവ്വാഴ്ച വൈകുന്നേരം കല്യാണ്‍ ഈസ്റ്റിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചത്. ജയ്പൂരിലെ ഒരു സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

