‘ഒരാഴ്ച സമയം മാത്രം’: സമാധാന ഉടമ്പടി അംഗീകരിക്കാന്‍ യുക്രെയ്‌ന് മുന്നറിയിപ്പുമായി ട്രംപ്; അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടി

വാഷിങ്ടണ്‍: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുക്രെയ്ന് ഒരാഴ്ചത്തെ സമയപരിധി നല്‍കി യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നവംബര്‍ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ചര്‍ച്ചകള്‍ക്ക് യുക്രെയ്നുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി യു.എസ്. വ്യക്തമാക്കുന്നു.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി നവംബര്‍ 27-നുള്ളില്‍ യുക്രെയ്ന്‍ അംഗീകരിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന്റെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ദീര്‍ഘകാലമായുള്ള പല ആവശ്യങ്ങളും യു.എസ്. പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്.

അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. യു.എസ്. നിര്‍ദ്ദേശങ്ങളെ പുടിന്‍ ‘അന്തിമ സമാധാന കരാറിന്റെ അടിസ്ഥാനം’ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് യുക്രെയ്ന്‍ പ്രതികരിച്ചത്. അമേരിക്കയുമായും യൂറോപ്പുമായും ചര്‍ച്ചകള്‍ തുടരുകയാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്നാണ് ഈ വിഷയത്തില്‍ സെലെന്‍സ്‌കി പ്രതികരിച്ചത്.
