‘സിന്ധ് ഇന്ത്യയുടെ ഭാഗമാകും, അതിര്‍ത്തികള്‍ മാറും’: പരാമര്‍ശവുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: വിഭജനത്തെ തുടർന്ന് പാകിസ്താന്റെ ഭാഗമായ സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമായി തീരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സിന്ധ് പ്രദേശങ്ങള്‍ ഇന്ന് ഇന്ത്യയുടേതല്ലായിരിക്കാം പക്ഷേ അതിർത്തികള്‍ മാറും ഈ പ്രദേശം സ്വന്തം നാടായ ഇന്ത്യയുടെ ഭാഗമാകും’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. സിന്ധി ഹിന്ദുക്കള്‍, പ്രത്യേകിച്ച് എല്‍ കെ അദ്വാനിയുടെ തലമുറയിലുള്ളവർ ഇന്നും ഇന്ത്യയില്‍ നിന്നും സിന്ധ് പ്രദേശം വിഭജിക്കപ്പെട്ടുവെന്ന് അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധില്‍ മാത്രമല്ല ഇന്ത്യയിലുടനീളമുള്ളവർ സിന്ധു നദിയെ പുണ്യ നദിയായാണ് കണക്കാക്കുന്നത്. നിരവധി മുസ്‌ലിം മത വിശ്വാസികളും മക്കയിലെ സംസം ജലം പോലെ പുണ്യമായാണ് സിന്ധുനദീ ജലത്തെ കാണുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സിന്ധു നദിയ്ക്ക് സമീപമുള്ള സിന്ധ് പ്രവിശ്യ വിഭജനത്തെ തുടർന്നാണ് പാകിസ്താന്റെ ഭാഗമായത്. അന്ന് പ്രദേശത്ത് ഉണ്ടായിരുന്ന സിന്ധി വിഭാഗത്തില്‍പ്പെട്ടവർ ഇന്ത്യയിലേക്ക് തിരികെ വന്നിരുന്നു. സെപ്തംബർ 22ന് മൊറോക്കോയില്‍ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടയില്‍ പിഒകെ തിരിച്ചുപിടിക്കുമെന്ന് സിങ് അഭിപ്രായപ്പെട്ടിരുന്നു. പിഒകെയിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പുരോഗമിക്കുന്നതിനിടയില്‍ ഇന്ത്യ പിഒകെ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന രീതിയില്‍ പല അഭിപ്രായങ്ങളും ഉയർന്ന് വന്നിരുന്നു.
