കോളേജ് വിദ്യാര്‍ത്ഥിനി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കാണാനില്ല

ബാംഗ്ലൂർ തമ്മനഹള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ ദേവിശ്രീയെയാണ് തമ്മനഹള്ളിയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയുടെ സുഹൃത്ത് മാനസയുടെ ഫ്ലാറ്റാണിത്. ആൺ സുഹൃത്ത് പ്രേം വർധന് ഒപ്പമായിരുന്നു 21കാരി ഇന്നലെ ഫ്ലാറ്റിൽ എത്തിയത്. 11 മണിക്കൂറിലേറെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മാനസ തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ദേവിശ്രീയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മാതാപിതാക്കളെയും പൊലീസിനെയും അറിയിച്ചു. മതനായ്ക്കനഹള്ളി പൊലീസ് സ്ഥലത്തെത്തി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് സംശയം. കൊന്നത് പ്രേംവർധനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.എന്നാൽ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. പ്രേംവർധൻ എവിടെ എന്നതിനെക്കുറിച്ച് ഇതുവരെ സൂചനയില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
