കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍; എല്ലാം ചോര്‍ത്തി നല്‍കിയ വില്ലന്‍ ഒരു പോലീസുകാരന്‍

കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പൊലീസുകാരന്‍ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. കേസില്‍ പത്തനംതിട്ട സ്വദേശി ജോയല്‍ വി. ജോസും കൂട്ടുകാരി ഹിരാല്‍ ബെന്നും നേരത്തെ പിടിയിലായിരുന്നു.
പണം നല്‍കിയാല്‍ ഏത് രാജ്യത്തുള്ളവരുടെയും വ്യക്തി വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ഹാക്ക് ചെയ്യുന്ന സംഘത്തിലെ മൂന്നാമനാണ് പിടിയിലായത്. യുപിയിലെ പ്രതാപ്ഗര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വയലന്‍സ് ഓഫീസറാണ് അറസ്റ്റിലായ 37കാരന്‍ പ്രവീണ്‍ കുമാര്‍. അടൂര്‍ സ്വദേശി ജോയല്‍ വി. ജോസായിരുന്നു ഹാക്കിംഗിന്റെ ബുദ്ധി കേന്ദ്രം.
ആരെക്കുറിച്ചുമുള്ള എന്ത് വിവരവും ജോയല്‍ ഹാക്ക് ചെയ്ത് നല്‍കുമായിരുന്നു. കമിതാക്കളാണ് കൂടുതലും ചോര്‍ത്തലിന് ഈ സംഘത്തെ സമീപിച്ചിരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെ ചോദ്യം ചെയ്തതിലൂടെ പെണ്‍സുഹൃത്ത് അഹമ്മദാബാദ് സ്വദേശി ഹിരാല്‍ ബെന്‍ അനൂജ് പട്ടേലും പിടിയിലായി. തുടര്‍ന്നാണ് സൂത്രധാരന്‍ പ്രവീണ്‍ കുമാറിലേക്ക് എത്തുന്നത്. ലൈവ് ലൊക്കേഷനും ഫോണ്‍ കോള്‍ രേഖകളും ചോര്‍ത്തി ജോയലിന് നല്‍കിയിരുന്നത് പ്രവീണ്‍ കുമാര്‍ ആയിരുന്നു. സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

