മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമന്റിട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.

കമന്റ് വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്റ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ ടീന ജോസിന് അനുവാദമില്ലെന്നുമാണ് സിഎംസി സന്യാസിനി സമൂഹം അറയിച്ചത്. ടീന പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളില്‍ സിഎംസി സമൂഹത്തിന് പങ്കില്ലെന്നും വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും ജനാധിപത്യ സമൂഹത്തില്‍ ഒരു പൗരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ടീന ജോസ് വിദ്വേഷ പ്രചാരണമാണ് ഫേസ്ബുക്കില്‍ നടത്തിയതെന്ന് കാണിച്ച് സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ ആണ് പരാതി നല്‍കിയത്. വിഷയത്തില്‍ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. സംസ്ഥാന ഡിജിപിക്കാണ് പരാതി നല്‍കിയത്. തുടന്നാണ് ടീന ജോസിനെതിരെ കേസെടുത്തത്.

