Fincat

സ്വര്‍ണ്ണക്കൊള്ള; പത്മകുമാറനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തല്‍ ഇനി നിര്‍ണ്ണായകമാണ്. ഭരണ നേതൃത്വത്തിലെ ഉന്നതര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നതടക്കം കണ്ടെത്തണം. പത്മകുമാറിനൊപ്പം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴിയെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് തിരിച്ചടിയായത്. സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയിലും എസ്‌ഐടി കൂടുതല്‍ വ്യക്തത തേടും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.