നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിയതില്‍ വിശദീകരണവുമായി ഇസ്രായേല്‍

ടെല്‍ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി വച്ചത് സുരക്ഷാ ആശങ്ക കൊണ്ടല്ലെന്ന് ഇസ്രയേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. പുതിയ സന്ദര്‍ശന തീയതി തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്നുള്ള സുരക്ഷാ ആശങ്ക കാരണം നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നത് മാറ്റിവച്ചു എന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഇസ്രയേല്‍.

‘ഇസ്രയേല്‍ – ഇന്ത്യ ബന്ധവും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ബന്ധവും വളരെ ശക്തമാണ്. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഇന്ത്യയിലെ സുരക്ഷയില്‍ പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. പുതിയ സന്ദര്‍ശന തിയ്യതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്’- എക്‌സിലെ പോസ്റ്റില്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ദില്ലി സ്‌ഫോടനത്തെ തുടന്നുള്ള സുരക്ഷാ ആശങ്ക കാരണം നെതന്യാഹു ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചതായി ഇസ്രയേലിലെ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലി സ്‌ഫോടനത്തെ തുടര്‍ന്ന് നെതന്യാഹു ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു- ‘ഇന്ത്യയും ഇസ്രയേലും ശാശ്വത സത്യങ്ങളില്‍ നിലകൊള്ളുന്ന പുരാതന നാഗരികതകളാണ്. ഭീകരത നമ്മുടെ നഗരങ്ങളെ ആക്രമിച്ചേക്കാം. പക്ഷേ അത് ഒരിക്കലും നമ്മുടെ ആത്മാവിനെ ഉലയ്ക്കില്ല. നമ്മുടെ രാഷ്ട്രങ്ങളുടെ വെളിച്ചം ശത്രുക്കളുടെ ഇരുട്ടിനെ മറികടക്കും,’എന്നാണ് നെതന്യാഹു പ്രതികരിച്ചത്.

2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷം അടുത്ത വര്‍ഷം പുതിയ തിയ്യതി തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഐ24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവയ്ക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലുമാണ് നേരത്തെ മാറ്റിയത്. തെരഞ്ഞെടുപ്പ് നടപടികള്‍ കാരണമായിരുന്നു ഇത്. ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു ഒടുവിലത്തെ തീരുമാനം. ഈ നീക്കമാണ് ദില്ലി സ്‌ഫോടനത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ 2018 ജനുവരിയിലാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്. എഴ് വര്‍ഷത്തിന് ശേഷമുള്ള സന്ദര്‍ശനമാണ് പല തവണയായി മാറ്റിവെച്ചത്.
ലോകമെമ്പാടും തനിക്ക് സ്വീകാര്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നത് എന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരോടൊപ്പമുള്ള നെതന്യാഹുവിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രചരിപ്പിച്ചിരുന്നു. ലോക നേതാക്കളുമായി അടുത്ത സൌഹൃദമുണ്ടെന്നും ഇസ്രയേലിന്റെ നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയുണ്ടെന്ന് വരുത്താനുമായിരുന്നു ശ്രമം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പന്ത്രണ്ടിലേറെ ഇസ്രയേല്‍ അധികൃതര്‍ക്കും എതിരെ അറസ്റ്റ് വാറന്റുമായി തുര്‍ക്കി. വംശഹത്യാ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ് വാറന്റ്. നെതന്യാഹു അടക്കം 37 പേര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയതെന്നാണ് ഇസ്താംബൂളിലെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് വിശദമാക്കിയത്. നെതന്യാഹുവിന് പുറമേ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രേല്‍ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, സൈനിക മേധാവി ഇയാല്‍ സാമിര്‍ എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടുണ്ട്. ഗാസയില്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നാണ് വാറന്റില്‍ വിശദമാക്കുന്നത്. നാവിക മാനുഷിക ദൗത്യമായിരുന്നു ഫ്‌ലോട്ടില്ലയ്‌ക്കെതിരായ നടപടിയും വാറന്റ് കാരണമായതായാണ് തുര്‍ക്കി വിശദമാക്കുന്നത്. വാറന്റ് തള്ളുന്നതായും തുര്‍ക്കിയുടെ നടപടി അപലപിക്കുന്നതായും ഇസ്രയേല്‍ പ്രതികരിച്ചു. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദ്ദോഗാന്റെ പിആര്‍ സ്റ്റണ്ട് മാത്രമാണ് വാറന്റ് എന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി വിശദമാക്കുന്നത്. അറസ്റ്റ് വാറന്റിനെ ഹമാസ് സ്വാഗതം ചെയ്തു.
