വീട്ടിലിരുന്ന് മദ്യപിച്ച ഭര്‍ത്താവ്, വീട്ടിലേക്ക് മദ്യപിച്ചെത്തിയ ഭാര്യയെ നിലത്തടിച്ചുകൊന്നു, അറസ്റ്റ്

മദ്യപിച്ചെത്തി ഭര്‍ത്താവ് ഭാര്യയെ നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദാതം ബഡി ജാരിയയിലെ വീട്ടിലാണ് അക്രമ സംഭവങ്ങള്‍ നടന്നത്. ഉപേന്ദ്ര പാരിയ എന്ന 25കാരനെയാണ് സംഭവ്തില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. ശില്‍പി ദേവി എന്ന 22കാരിയൊണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം മേദിനിറായ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിച്ചിരിക്കുകയാണ്.

വീട്ടിലേക്ക് ശില്‍പി ദേവി മദ്യപിച്ച് എത്തിയതാണ് മദ്യപിച്ചിരുന്ന ഉപേന്ദ്രയെ കുപിതനാക്കിയത്. ഇതിനേ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഇതോടെ ഉപേന്ദ്ര ശില്‍പിയെ നിലത്ത് നിന്ന് ഉയര്‍ത്തിയ ശേഷം തറയില്‍ അടിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട്.
ഗാര്‍ഹിക പീഡനത്തിനും കൊലപാതകത്തിനും കേസെടുത്ത പോലീസ്, ഭര്‍ത്താവിനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

