Fincat

മലപ്പുറം എ.ഡി.എം എന്‍.എം മെഹറലി ശനിയാഴ്ച വിരമിക്കും

ജില്ലയില്‍ കൂടുതല്‍ കാലം എ.ഡി.എം ആയിരുന്ന ബഹുമതി സ്വന്തമാക്കി എന്‍. എം മെഹറലി പടിയിറങ്ങുന്നു. 2019 ജൂലൈയില്‍ മലപ്പുറം എ.ഡി.എം ആയി ചുമതലയേറ്റ അദ്ദേഹം ശനിയാഴ്ച (നവംബര്‍ 29) സര്‍വീസില്‍ നിന്നും വിരമിക്കും. പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിയ സമയം ഒഴികെ അദ്ദേഹം ജില്ലയില്‍ എ.ഡി.എം ആയി സേവനമനുഷ്ഠിച്ചു. 1988 ല്‍ 19-ാം വയസ്സില്‍ ക്ലര്‍ക്ക് ആയാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ആറു മാസം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്തു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറി. 2018ല്‍ തിരൂര്‍ ആര്‍.ഡി.ഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് കീഴിലാണ് ജോലി ചെയ്തത്.

 

1 st paragraph

2018 പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അന്നത്തെ പെരിന്തല്‍മണ്ണ തഹസില്‍ദാരായിരുന്ന മെഹറലിയാണ്. നിലമ്പൂര്‍ താലൂക്കിന്റെ അധിക ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്ഥലത്ത് ക്യാംപ് ചെയ്താണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 2019ലെ പ്രളയ സമയത്തും അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കരിപ്പൂര്‍ ദുരന്തമുണ്ടായ സമയത്തും മെഹറലിയായിരുന്നു എ.ഡി.എം.

 

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട്ടേക്ക് സ്ഥലം മാറിയ സമയത്താണ് കൊറോണയുടെ രണ്ടാം തരംഗമുണ്ടായത്. അന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്നത് കഞ്ചിക്കോട് ഐനോക്സില്‍ നിന്നായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് അദ്ദേഹമായിരുന്നു. വയനാട് ചൂരല്‍മല ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അന്ന് വയനാട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചുമതല അദ്ദേഹത്തിനായിരുന്നു. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയാണ് അദ്ദേഹം. പെരിന്തല്‍മണ്ണ ഖാദര്‍മെല്ല യു.പി സ്‌കൂള്‍ അധ്യാപിക ഹാജറയാണ് ഭാര്യ.

2nd paragraph