ശബരിമല സ്വര്‍ണക്കൊള്ള: ‘ബോര്‍ഡിന് വീഴ്ച പറ്റിയതില്‍ ഞാന്‍ മാത്രം എങ്ങനെ പ്രതിയാകും’; ജാമ്യ ഹര്‍ജിയില്‍ എ.പത്മകുമാര്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. എല്ലാം ചെയ്തത് ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണ്. ജാമ്യ ഹര്‍ജിയിലാണ് എ പത്മകുമാറിന്റെ ഈ വാദം. ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ അറിയാതെ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും ഹര്‍ജിയില്‍ പത്മകുമാര്‍ ചോദിക്കുന്നു.

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് പത്മകുമാര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ പിച്ചള പാളികള്‍ എന്നെഴുതി അത് ചെമ്പ് പാളികള്‍ എന്ന് തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണിത്. തിരുത്തല്‍ വരുത്തിയെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാമെന്നും പത്മകുമാര്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദം.
കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളുവെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.

