അണ്ടര്‍ 23 വനിതാ ട്വൻ്റി 20 ചാമ്ബ്യൻഷിപ്പ്; കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് നാല് വിക്കറ്റ് ജയം

അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്ബ്യൻഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബി എം മിറാജ്കറുടെ പ്രകടനമാണ് മഹാരാഷ്ട്രയ്ക്ക് വിജയമൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റൻ നജ്ല സിഎംസിയുടെയും ശ്രദ്ധ സുമേഷിൻ്റെയും ഇന്നിങ്സുകളാണ് കരുത്ത് പകർന്നത്. കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്ന വൈഷ്ണ എം പിയും ശ്രദ്ധയും ചേർന്ന് ഓപ്പണിങ് വിക്കറ്റില്‍ 24 റണ്‍സാണ് കൂട്ടിച്ചേർത്തത്.

എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ കേരളത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. വൈഷ്ണ 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അബിന റണ്ണെടുക്കാതെ മടങ്ങി. തുടർന്ന് മൂന്നാം വിക്കറ്റില്‍ ശ്രദ്ധയും നജ്ലയും ചേർന്ന് കൂട്ടിച്ചേർത്ത 31 റണ്‍സാണ് കേരളത്തിൻ്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ശ്രദ്ധ 33 റണ്‍സും നജ്ല 41 റണ്‍സും നേടി.
അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച നജ്ലയുടെ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോർ 125ല്‍ എത്തിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി ബി എം മിറാജ്കർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്ബോഴും മറുവശത്ത് ഉറച്ച് നിന്ന ഓപ്പണർ ഈശ്വരി അവസാരെയുടെ പ്രകടനം മഹാരാഷ്ട്രയ്ക്ക് തുണയായി.

ഈശ്വരി 41 റണ്‍സെടുത്തു. ഈശ്വരി മടങ്ങിയ ശേഷമെത്തിയ ബി എം മിറാജ്കറുടെ പ്രകടനമാണ് കളി മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്. 27 പന്തുകളില്‍ നിന്ന് 31 റണ്‍സാണ് മിറാജ്കർ നേടിയത്. ഇരുപതാം ഓവറിലെ നാലാം പന്തില്‍ മിറാജ്കർ റണ്ണൌട്ടായെങ്കിലും അവസാന പന്തില്‍ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഐശ്യര്യ എ കെ രണ്ട് വിക്കറ്റ് വീഴ്ത്തി.
