SIRൽ ചർച്ചക്ക് വഴങ്ങി കേന്ദ്ര സർക്കാർ; ലോക്സഭയിൽ 10 മണിക്കൂർ ചർച്ച ചെയ്യും

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്, SIRൽ ചർച്ചക്ക് വഴങ്ങി കേന്ദ്ര സർക്കാർ. ലോക്സഭയിൽ ഈ മാസം ഒമ്പതിന് ചർച്ച നടത്തും. പ്രതിപക്ഷത്തിന്റെ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തീവ്രവോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി രണ്ടാം ദിവസവും തടസപ്പെട്ടിരുന്നു.

സഭാ സ്തംഭനത്തെ തുടർന്ന് ലോകസഭ സ്പീക്കർ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. വൈകീട്ട് ചേർന്ന ബിസിനസ്സ് അഡ്വൈസറി സമിതി യോഗത്തിൽ, എസ്ഐആറിൽ ചർച്ചക്ക് കേന്ദ്രസർക്കാർ സമ്മതം അറിയിക്കുകയായിരുന്നു. 10 മണിക്കൂർ ചർച്ച ചെയ്യും. ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും എസ്ഐആറിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസുകൾ ഇരു സഭകളിലും അധ്യക്ഷന്മാർ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയിരുന്നു.
എസ്ഐആർ ചർച്ചയിൽ പ്രതിപക്ഷത്ത് നിന്ന് രാഹുൽ ഗാന്ധി തുടക്കമിടും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാൾ മറുപടി പറയും. വന്ദേമാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ചുള്ള പ്രത്യേക ചർച്ച ഈ മാസം എട്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ആരംഭിക്കും. അതേ സമയം രാജ്യസഭയിൽ എസ്ഐആർ സംബന്ധിച്ച ചർച്ചയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ രാവിലെ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്ത്യ സഖ്യനേതാക്കൾ യോഗം ചെയ്യും. ലേബർ കോഡ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധം തുടരാനാണ് സാധ്യത.

