Fincat

സൂപ്പര്‍ ലീഗ് കേരള; തൃശൂരിനെ തോല്‍പ്പിച്ചു; സെമി സാധ്യത നിലനിര്‍ത്തി കണ്ണൂര്‍


സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനല്‍ കളിക്കാൻ കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഉണ്ടാവുമോ? ഉത്തരത്തിനായി കാത്തിരിക്കണം.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തില്‍ നടന്ന പത്താം റൗണ്ടിലെ ആദ്യ മത്സരത്തില്‍ തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കണ്ണൂർ വാരിയേഴ്‌സ് സെമി ഫൈനല്‍ പ്രതീക്ഷ നിലനിർത്തിയത്. നിർണായക മത്സരത്തിലെ ഗോളുകള്‍ പിറന്നത് ക്യാപ്റ്റൻ അസിയർ ഗോമസ്, എബിൻദാസ് എന്നിവരുടെ ബൂട്ടുകളില്‍ നിന്ന്.

10 കളികളില്‍ 13 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് സെമി ഫൈനല്‍ യോഗ്യതക്കായി രണ്ട് സാധ്യതകളാണുള്ളത്. ബുധനാഴ്ച തിരുവനന്തപുരം കൊമ്ബൻസ്, കാലിക്കറ്റ്‌ എഫ്സിയോട് പരാജയപ്പെടുക. അല്ലെങ്കില്‍, വ്യാഴായ്ച മലപ്പുറം എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുക. ഈ രണ്ട് സാധ്യതകളില്‍ ഒന്ന് സംഭവിച്ചാല്‍ മാത്രമേ കണ്ണൂരിന് അവസാന നാലില്‍ ഇടം ലഭിക്കൂ.

1 st paragraph

അരഡസനിലേറെ മാറ്റങ്ങളുമായി സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങിയ തൃശൂരിനെതിരെ പത്താം മിനിറ്റില്‍ കണ്ണൂരിന് മികച്ച അവസരം ലഭിച്ചു. മനോജ്‌ നല്‍കിയ ക്രോസിന് അസിയർ ഗോമസ് ഉയർന്നുചാടി തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. കണ്ണൂർ നായകൻ അഡ്രിയാൻ സെർഡിനറോ പതിനാലാം മിനിറ്റില്‍ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ഷിജിൻ. കളത്തിലെത്തിയ ഉടനെ ഷിജിൻ പെനാല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്യപ്പെട്ടെങ്കിലും റഫറി വിസില്‍ മുഴക്കിയില്ല.

മുപ്പത്തിയൊന്നാം മിനിറ്റില്‍ മുഹമ്മദ്‌ അഫ്സലിനെ ഫൗള്‍ ചെയ്ത കണ്ണൂരിന്റെ വികാസ് മഞ്ഞക്കാർഡ് കണ്ടു. പിന്നാലെ തൃശൂരിന്റെ ബിബിൻ അജയനും മഞ്ഞശിക്ഷ ലഭിച്ചു. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ കണ്ണൂർ സ്കോർ ചെയ്തു. വലതുവിങില്‍ നിന്ന് ഷിജിൻ നീട്ടിയ പാസ് സിനാൻ, അസിയർ ഗോമസിന് നല്‍കി. സ്പാനിഷ് താരം ഫസ്റ്റ്ടൈം ഷോട്ടിലൂടെ ഗോളാക്കി മാറ്റി (1-0). ആദ്യപകുതി കണ്ണൂരിന്റെ ഒരു ഗോള്‍ ലീഡില്‍ അവസാനിച്ചു.

2nd paragraph

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തൃശൂർ ഇവാൻ മാർക്കോവിച്ച്‌, നവീൻ കൃഷ്ണ, ഫൈസല്‍, ജിയാദ് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. അൻപത്തിയഞ്ചാം മിനിറ്റില്‍ കണ്ണൂരിന് വീണ്ടും അവസരം. ഷിജിന്റെ ഹെഡ്ഡർ ക്രോസ്സ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. അസിയർ ഗോമസിനെ പിൻവലിച്ച കണ്ണൂർ ആസിഫിനെ കൊണ്ടുവന്നു. കളി അവസാനിക്കാൻ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ലൂയീസിന്റെ പാസില്‍ എബിൻദാസ് കണ്ണൂരിനായി രണ്ടാം ഗോളും നേടി (2-0). 6826 കാണികള്‍ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

നാളെ പത്താം റൗണ്ടിലെ രണ്ടാം മത്സരത്തില്‍ തിരുവനന്തപുരം കൊമ്ബൻസ് എഫ്സി, കാലിക്കറ്റ്‌ എഫ്സിയെ നേരിടും. സമനിലയെങ്കിലും നേടാനായാല്‍ കൊമ്ബൻസ് സെമിയില്‍ കയറുന്ന മൂന്നാമത്തെ ടീമാവും. കാലിക്കറ്റ്‌ നേരത്തെ തന്നെ സെമിയില്‍ ഇടമുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരത്തിന്റെ കിക്കോഫ്.