വെനസ്വേലക്കെതിരെ ട്രംപിന്റെ പടയൊരുക്കം; പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാന്‍ അന്ത്യശാസനം

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപിന്റെ ആവശ്യം മഡൂറോ നിരസിച്ചതായി വിവരം. ‘നിങ്ങള്‍ക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാന്‍ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്ക്കണം, രാജ്യം വിടണം.’ – മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

രാജ്യം വിട്ട് പോകാന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിച്ചു. സൈനീക നീക്കത്തിനുള്ള സാധ്യതകള്‍ ട്രംപുമായി പെന്റഗണ്‍ പരിശോധിക്കുകയാണ്. മഡൂറോയെ ട്രംപ് ആഗോള ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചിരുന്നു.
വെനസ്വേലയ്ക്ക് ചുറ്റുമുള്ള വ്യോമമേഖല പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ മുന്നറിയിപ്പും നല്‍കി.

വെനസ്വേലയില്‍ രഹസ്യപ്രവര്‍ത്തനത്തിന് സിഐഎയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ കരയാക്രമണത്തിന് മടിക്കില്ലെന്നും ട്രംപ് പരസ്യമായി ഭീഷണി ഉയര്‍ത്തിയിരുന്നു. വെനസ്വേല കുറ്റവാളികളെ യുഎസിലേക്ക് തുറന്നുവിടുന്നു, ലഹരിമരുന്ന് കടത്തുന്നു എന്നൊക്കെ ആരോപിച്ചാണ് യുഎസ് പടയൊരുക്കം.
