168 മണിക്കൂറിന്‍റെ പ്രയത്നം! സമാന്തയുടെ ചുവന്ന സാരി വെറുമൊരു സാരി മാത്രമല്ല, ലക്ഷ്വറിയിലെ ലാളിത്യം; ‘ക്വയറ്റ് ബ്യൂട്ടി’

തന്‍റെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കാൽവെക്കുമ്പോൾ, നടി സമാന്ത റൂത്ത് പ്രഭു തിരഞ്ഞെടുത്തത് ഒരു ആഡംബരത്തിന്‍റെ മേലങ്കിയായിരുന്നില്ല, മറിച്ച് ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ആത്മാവ് നിറഞ്ഞുനിൽക്കുന്ന ഒരു ബനാറസി സാരി ആയിരുന്നു. രാജ് നിഡിമോരുവുമായുള്ള വിവാഹശേഷം പുറത്തുവന്ന ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയം. വിവാഹവസ്ത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ഡിസൈനറായ അർപ്പിത മേത്ത രംഗത്തെത്തിയതോടെ, സമാന്തയുടെ ചുവന്ന സാരി വെറുമൊരു വസ്ത്രം എന്നതിലുപരി, ഇന്ത്യൻ നെയ്ത്തിന്‍റെ ഒരു ‘മാസ്റ്റർക്ലാസ്’ ആണെന്ന് ലോകം തിരിച്ചറിഞ്ഞു.

ലക്ഷ്വറിയിലെ ലാളിത്യം: ‘ക്വയറ്റ് ബ്യൂട്ടി’
വിവാഹദിനത്തിൽ സമാന്തയ്ക്ക് വേണ്ടി അർപ്പിത മേത്ത രൂപകൽപ്പന ചെയ്ത ഈ കസ്റ്റം മേക്കോവർ ‘ക്വയറ്റ് ബ്യൂട്ടി’ എന്ന ഫാഷൻ ആശയത്തെ പ്രതിനിധീകരിച്ചയിരുന്നു. വിവാഹ വേഷം ഒരു ‘ആഴത്തിലുള്ളതും ആത്മീയവുമായ’ അനുഭവമായിരിക്കണം എന്ന ചിന്തയോടെയാണ് അർപ്പിത ഈ വസ്ത്രം ഒരുക്കിയത്. “ഒരു ഇന്ത്യൻ ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങൾ ഇന്ത്യൻ കലയിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളുന്നത്. സമാന്തയ്ക്കുവേണ്ടി ആദ്യമായി ഞങ്ങൾ ചുവപ്പ് ബനാറസി സാരി ഒരുക്കുമ്പോൾ, അതൊരു സ്വപ്നം പൂർത്തിയാക്കിയതുപോലെ തോന്നി,” – അർപ്പിത പറയുന്നു.

168 മണിക്കൂറിന്‍റെ പ്രയത്നം
ഒരു ഒറ്റ കലാകാരന്‍റെ കൈയ്ക്കുള്ളിൽ രണ്ട് മുതൽ മൂന്ന് ആഴ്ചയോളം ഏകദേശം 168 മണിക്കൂറിൽ അധികം സമയമെടുത്താണ് ഈ സാരി നെയ്തെടുത്തത്. പ്യുവർ കത്താൻ സാറ്റിൻ സിൽക്കിലാണ് സാരി നെയ്തത്. ഇതിലെ ഏറ്റവും ആകർഷകമായ ഒന്ന് അതിന്‍റെ ബ്ലൗസാണ്. പ്രശസ്ത കലാകാരി ജയതി ബോസ് രൂപകൽപ്പന ചെയ്ത ‘ജാംദാനി ട്രീ ഓഫ് ലൈഫ്’ എന്ന മോട്ടിഫാണ് ബ്ലൗസിൽ ഉപയോഗിച്ചത്. സമുദ്രത്തിന്‍റെ ആഴങ്ങളിൽ വേരൂന്നിയതും ദേവിയുടെ അനുഗ്രഹത്താൽ കിരീടമണിഞ്ഞതുമായ ഒരു സങ്കൽപ്പമാണ് ഇത്.
