‘കേരളത്തിന്‍റെ പാലമാണ് അല്ലാതെ പാരയല്ല,ഫണ്ട് കിട്ടാനായി ഇനിയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും’;ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി സംസ്ഥാനത്തിനും കേന്ദ്രത്തിനുമിടയില്‍ പാലമായി നില്‍ക്കുകയല്ലാതെ പാരയായി നില്‍ക്കലല്ല തന്റെ പണിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി പാലമായി തുടരും. കേരളത്തിന് അർഹതപ്പെട്ട വിഹിതം കിട്ടാനായി എംപിയെന്ന നിലയില്‍ കേന്ദ്രത്തില്‍ നിരന്തരം സമ്മർദം ചെലുത്തും. നിരന്തരം മന്ത്രിമാരെ കണ്ട് ചർച്ച ചെയ്യും. അതിനായി കേരളവും കേന്ദ്രവും തമ്മിലുള്ള പാലമാണെന്ന് പറയുന്നത് ഒരു ക്രെഡിറ്റായാണ് കാണുന്നതെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘കേന്ദ്രഫണ്ട് കിട്ടാനായി വിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര മന്ത്രിയും തമ്മില്‍ നടന്ന ചർച്ച എന്താണെന്ന് അറിയില്ല. ആ ചർച്ചയില്‍ പങ്കെടുത്തിട്ടില്ല. കേരളത്തിന് അർഹമായ തടഞ്ഞുവെച്ച ഫണ്ട് ലഭിക്കാനുള്ള ശ്രമത്തെയാണ് മധ്യസ്ഥത എന്ന് ധർമേന്ദ്ര പ്രധാൻ അദ്ദേഹത്തിന്റെ വാക്കില്‍ പറഞ്ഞത്. അത് അദ്ദേഹത്തിന്‍റെ സംസാര ശൈലിയാണ്’, ബ്രിട്ടാസ് പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുവണ്ടി പിഎം ശ്രീയില്‍ ഒപ്പുവെപ്പിച്ച് ഫണ്ട് കൊടുപ്പിച്ചതിന് മുഖ്യകാർമികത്വം വഹിച്ചത് എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലാണ്. ഒരു വിയോജിപ്പും രേഖപ്പെടുത്താതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ച് ആയിരക്കണക്കിന് കോടി രൂപ വാങ്ങിയെടുത്തു. അത് കെ സിയുടെ അധ്യക്ഷതയിലായിരുന്നു. അത് കേന്ദ്രമന്ത്രിയോട് ചോദിച്ചാല്‍ മനസിലാകും.
ഫാസിസ്റ്റ് സംവിധാനത്തെ എതിർക്കുന്ന കാര്യത്തില്‍ ഒരു കോണ്‍ഗ്രസുകാരന്റെയോ ലീഗ് കാരന്റെയോ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ട. ഫാസിസത്തെ നേരിടാനായി ഇങ്ങോട്ടുവന്ന കുഞ്ഞാപ്പയായ കുഞ്ഞാലിക്കുട്ടി നരേന്ദ്രമോദിയുടെ അനുഗ്രഹം വാങ്ങി തിരിച്ചുപോയ ആളാണ്. കേരളത്തിന്റെ അമ്ബാസിഡർമാർ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറും വി മുരളീധരനുമാണെന്ന് പാർലമെന്റില്‍ പറഞ്ഞവരാണ് ഇവിടത്തെ ലീഗുകാർ. ചന്ദ്രികയ്‌ക്കെതിരായ ഇഡി കേസ് എങ്ങനെയാണ് ആവിയായി പോയത്. പഴയ നേതാവ് തങ്ങള്‍ എങ്ങനെയാണ് മാനസികമായി തകർന്നു പോയത്?. ബിജെപിയുമായി നിരന്തരം സന്ധി ചെയ്യുന്നവരാണ് ഇവരെല്ലാമെന്നും ബ്രിട്ടാസ് ആരോപിച്ചു.

കെ സി വേണുഗോപാല്‍ തന്റെ രാജ്യസഭാ സ്ഥാനം ആർക്കാണ് വെച്ചുനീട്ടിയത്. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ ചേർന്ന വിദ്വാനല്ലേ?, അ
ദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിയല്ലേ?. അയോധ്യ രാമക്ഷേത്രത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ക്രെഡിറ്റ് ഏറ്റെടുത്തവരാണ് കോണ്‍ഗ്രസുകാർ.പ്രധാനമന്ത്രിക്ക് സ്തുതി പാടിയവരാണവർ. കെ സിയുടെ തോളോട് തോള്‍ ചേർന്നിരിക്കുന്ന ശശി തരൂർ ഒരോ ദിവസവും മോദിയെ പുകഴ്ത്തുകയല്ലേ. ഇതെല്ലാം പരിഹാസമാണ്. മറ്റ് പ്രതിപക്ഷ സർക്കാരുകളെ ഒറ്റുക്കൊടുത്ത് കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ പി എം ശ്രീയില്‍ ഒപ്പുവെച്ചതാണ് ഇന്ന് ഇന്ത്യാ രാജ്യത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പെന്നും ബ്രിട്ടാസ് പറഞ്ഞു.
