‘പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പറയുന്ന ഭഗീരഥൻപിള്ളയെ ഓര്‍മിപ്പിക്കുകയാണ് കോണ്‍ഗ്രസും ലീഗും’

പിഎം ശ്രീ കരാറില്‍ കേരളം ഒപ്പുവെച്ചതില്‍ നിർണായകമായ ഇടപെടല്‍ നടത്തിയത് സിപിഐഎം രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കുകള്‍ ഏറെ ചർച്ചയായിരിക്കുകയാണ്.ഇതിന് പിന്നാലെ ജോണ്‍ ബ്രിട്ടാസിനും സിപിഐഎമ്മിനുമെതിരെ യുഡിഎഫ് പക്ഷത്ത് നിന്നും വ്യാപക വിമർശനമാണ് ഉയർന്നത്.
ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഫാസിസ്റ്റ് വിരുദ്ധ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് മീശമാധവൻ സിനിമയിലെ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഭഗീരഥൻ പിള്ളയുടെ ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗാണ് ഓർമ വന്നത് എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സമഗ്രശിക്ഷ പദ്ധതിയില്‍ കേരളത്തിന് കിട്ടാനുള്ള തുക കിട്ടാനാണ് കേന്ദ്ര മന്ത്രിയെ കണ്ടതെന്നും കേരളത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാൻ പരിശ്രമിക്കുക എന്നത് ഒരു എംപി എന്ന നിലയില്‍ തന്റഎ കടമയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പുതിയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീം അംഗീകരിച്ചിട്ടുണ്ടെന്നും അതില്‍ പ്രധാന റോള്‍ വഹിച്ചത് എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംപിയുമായ കെ സി വേണുഗോപാലാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്ര സർക്കാരിനോടും ബിജെപിയോടും സന്ധി ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും നിരന്തരം സ്വീകരിക്കുന്നതെന്ന് വിവിധ മുൻ സന്ദർഭങ്ങളെ ഉദാഹരണം നിരത്തികൊണ്ട് ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു.

ഇതോടെ പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വീണ്ടും വിവാദങ്ങള്‍ പുകയുകയാണ്. കാവിവത്കരണമാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെയും അതിന്റെ ഭാഗമായ പിഎം ശ്രീയുടെയും ലക്ഷ്യമെന്ന് വാദിച്ചിരുന്ന സിപിഐഎം ഇതില്‍ പങ്കുചേരില്ലെന്നായിരുന്നു നേരത്തെ സ്വീകരിച്ച നയം. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേരള സർക്കാർ പിഎം ശ്രീയില്‍ ഒപ്പുവെച്ചു. എല്‍ഡിഎഫിലെ ഘടകകക്ഷികളോ മന്ത്രിസഭയോ അറിയാതെ കരാർ ഒപ്പുവെച്ചതിനെതിരെ മുന്നണിയില്‍ തന്നെ കടുത്ത വിമർശനമുയർന്നു. സിപിഐഎം – സിപിഐ തമ്മിലുള്ള പരസ്യ തർക്കങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നും കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭ്യമാക്കാനാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചത് എന്നായിരുന്നു സിപിഐഎമ്മിന്റെ വാദം. പക്ഷെ സിപിഐ അടക്കം കടുത്ത നിലപാട് സ്വീകരിച്ചതോടെ പിഎം ശ്രീയില്‍ നിന്നും കേരളം താല്‍ക്കാലികമായി പിന്മാറുകയും തുടർനടപടികള്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. പിഎം ശ്രീയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഭഗീരഥൻ പിള്ളയെ ഓർമിപ്പിക്കുന്ന കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിനു കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന് കേന്ദ്ര മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പ്രതികരണം ശ്രദ്ധിച്ചപ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്. ചിരിപ്പിച്ച് ഹലാക്കിലാക്കല്ലേ എന്നാണ് ഇരു പാർട്ടികളുടെയും നേതാക്കളോട് അഭ്യർഥിക്കാനുള്ളത്. ഫാസിസ്റ്റ് ശക്തിയെ നേരിടാൻ ഡല്‍ഹിയിലേക്ക് പോയ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി നരേന്ദ്ര മോദിയുടെ അനുഗ്രഹം വാങ്ങി കേരളത്തിലേക്കു തിരിച്ചുപോയതാണ് നാം കണ്ടത്. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും കേരളത്തിന്റെ അംബാസഡർമാരെന്ന് പാർലമെന്റില്‍ വിശേഷിപ്പിച്ചവരാണ് നമ്മുടെ ലീഗ് നേതാക്കള്‍.
ചന്ദ്രികക്ക് എതിരായ ഇഡി അന്വേഷണം എങ്ങനെയാണ് ആവിയായിപ്പോയത് ? ചന്ദ്രികക്ക് എതിരായ അന്വേഷണം മുൻ ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യം തകർത്തു എന്ന് പറഞ്ഞത് ലീഗ് നേതാക്കള്‍ തന്നെയാണ്. ഇന്ത്യയിലെ മുസ്ലിം സമൂഹം ഒന്നിച്ചെതിർത്ത മുത്തലാഖ് ബില്ലിന്റെ ചർച്ച പാർലമെന്റില്‍ വന്നപ്പോള്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ മുങ്ങിയത് എന്തിനുവേണ്ടിയായിരുന്നു എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.
ഇനി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കാര്യം. ബിജെപിയുമായും ആർഎസ്‌എസ്സുമായും സന്ധി ചെയ്തും വർഗീയതയില്‍ അവരുമായി മത്സരിച്ചും കോണ്‍ഗ്രസിനെ ഈ പരുവത്തിലാക്കിയതില്‍ പ്രധാന പങ്ക് അദ്ദേഹത്തിനുണ്ടെന്ന് സമ്മതിക്കാത്തവരില്ല. ബിജെപിയോട് നേരിട്ട് പൊരുതുന്നുവെന്ന് അവകാശപ്പെടുന്ന ഗാന്ധി കുടുംബത്തിലെ ഒരംഗത്തെ വയനാട്ടില്‍ മത്സരിപ്പിച്ച് ലോക്സഭയിലെത്തിച്ചതിനു പിന്നിലും വേണുഗോപാല്‍ തന്നെ. അദ്ദേഹം ചെയ്തതോ? രാജസ്ഥാനില്‍നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയിലെത്തിയ അദ്ദേഹം കാലാവധി തീരാൻ രണ്ടു വർഷമുള്ളപ്പോള്‍ രാജിവെച്ച് ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. രാജസ്ഥാനിലെ സീറ്റ് ബിജെപിക്ക് കൊടുത്തു. അവിടെനിന്ന് ജയിച്ച ബിജെപിക്കാരൻ കേന്ദ്രമന്ത്രിയുമായി.
നരേന്ദ്ര മോദിയെ പിറകെ നടന്ന് വാഴ്ത്തിക്കൊണ്ടിരിക്കുന്ന ശശി തരൂർ ഇപ്പോഴും കോണ്‍ഗ്രസിന്റെ പ്രവർത്തക സമിതി അംഗമാണെന്ന് വരുമ്ബോള്‍ കോണ്‍ഗ്രസിന്റെ അപചയത്തിന്റെ ആഴം മനസ്സിലാകും. മോദി സ്തുതി ശശി തരൂരുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കാര്യമല്ല. ബാബ്റി മസ്ജിദ് തകർത്ത ഭൂമിയില്‍ പണിത ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠക്ക് പ്രധാനമന്ത്രി പോയപ്പോള്‍ കോണ്‍ഗ്രസുകാർ മത്സരിച്ച് അതിനെ പുകഴ്ത്തുകയായിരുന്നു. അവിടെ പോകാൻ കഴിയാത്ത നേതാക്കള്‍ ഇഷ്ടികകളും മറ്റു സാധനങ്ങളും അയച്ചുകൊടുത്ത് തങ്ങളുടെ ഐക്യദാള്‍ഢ്യം പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ ബാബ്റി മസ്ജിദ് തകർക്കാൻ സൗകര്യം ചെയ്തു തന്നതുകൊണ്ടല്ലേ നിങ്ങള്‍ക്ക് അവിടെ ക്ഷേത്രം പണിയാൻ കഴിഞ്ഞത്’ എന്ന് ബിജെപിക്കാരോട് പരസ്യമായി ചോദിക്കുന്ന കോണ്‍ഗ്രസുകാർ പാർലമെന്റിലുമുണ്ട്.
ഇവരൊക്കെയാണ് ഇപ്പോള്‍ മതനിരപേക്ഷതയുടെ ക്ലാസുമായി വരുന്നത്. ‘മീശമാധവൻ’ എന്ന സിനിമയില്‍ തോക്കുമായി തന്നെ അടിക്കാൻ നില്‍ക്കുന്ന പട്ടാളം പുരുഷു എന്ന കഥാപാത്രത്തിനുമുമ്ബില്‍ ഇഴഞ്ഞുചെന്ന് ജഗതി ശ്രീകുമാർ (ഭഗീരഥൻ പിള്ള) പറയുന്ന ഡയലോഗുണ്ട്. ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന്. ഈ ഡയലോഗാണ് കോണ്‍ഗ്രസുകാരുടെയും ലീഗുകാരുടെയും ‘ഫാസിസ്റ്റ് വിരുദ്ധ’ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ഓർമ വരുന്നത്.
സമഗ്ര ശിക്ഷ പദ്ധതിയില്‍ കേരളത്തിനു കിട്ടാനുള്ള തുക കിട്ടാനാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെ കണ്ടത്. ഇനിയും കാണും. കേരളത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും നേടാൻ പരിശ്രമിക്കുക എന്നത് കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എം പിയുടെ പ്രധാന കടമയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പുതിയ വിദാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീയും അംഗീകരിച്ചിട്ടുണ്ട്. അവരെക്കൊണ്ട് ആ നിലപാട് എടുപ്പിക്കുന്നതില്‍ പ്രധാന റോള്‍ വഹിച്ചത് കെ സി വേണുഗോപാലാണെന്ന് ധർമേന്ദ്ര പ്രധാൻ ഉള്‍പ്പെടെയുള്ള ബിജെപി മന്ത്രിമാർ നന്ദിപൂർവം അടിവരയിട്ട് പറയാറുണ്ട്, ഇതൊക്കെയാണ് വസ്തുത. സമൂഹ മാധ്യമങ്ങളിലൂടെയുള്ള നുണ പ്രചാരണം കൊണ്ടൊന്നും സത്യം മറച്ചുവയ്ക്കാനാവില്ല. ബാക്കി പിന്നീട് പറയാം.
