Fincat

യാത്രക്കാരെ വട്ടംചുറ്റിച്ച്‌ ഇൻഡിഗോ; പ്രതിസന്ധിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനയാത്ര പ്രതിസന്ധിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. അഞ്ചാം ദിവസവും പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് അന്വേഷണം നടക്കുമെന്ന് അറിയിച്ചത്. ഇൻഡിഗോയില്‍ എന്താണ് സംഭവിച്ചത് എന്നറിയണമെന്നും ഭാവിയില്‍ ഇത്തരത്തില്‍ ഉണ്ടാകാതെയിരിക്കാൻ നടപടികള്‍ നിർദേശിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർ ജനറല്‍ സഞ്ജയ് കെ ബ്രംഹനെ, ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ അമിത് ഗുപ്ത, സീനിയർ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ക്യാപ്റ്റൻ കപില്‍ മാങ്ലിക്, ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ലോകേഷ് രാംപാല്‍ എന്നിവരടങ്ങിയ നാലംഗ സമിതിയാണ് അന്വേഷണം നടത്തുക.

അതേസമയം, പ്രതിസന്ധി മൂർച്ഛിച്ചതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ മടക്കിനല്‍കും. കാൻസല്‍ ചെയ്തതും റീഷെഡ്യൂള്‍ ചെയ്തതുമായ സർവീസുകളുടെ പണമാണ് ഇൻഡിഗോ മടക്കിനല്‍കുക. എയർപോർട്ടില്‍ കുടുങ്ങിയ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കിനല്‍കാനും ഭക്ഷണവും വെള്ളവും അടക്കമുള്ള പ്രാഥമിക സൗകര്യങ്ങള്‍ നല്‍കാനും ഇൻഡിഗോ തീരുമാനിച്ചു. സാധ്യമാകുന്നിടത്തെല്ലാം മുതിർന്ന പൗരന്മാരായ യാത്രക്കാർക്ക് ലോഞ്ച് അക്സസും ഇൻഡിഗോ നല്‍കും.

1 st paragraph

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടില്‍ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

നവംബർ ഒന്ന് മുതലാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ എന്ന പുതിയ ക്രമീകരണം നടപ്പിലായത്. എന്നാല്‍ ഇത് പ്രാവർത്തികമാക്കുന്നതില്‍ ഇൻഡിഗോയ്ക്ക് വീഴ്ച സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച്‌ പ്രതിവാര വിശ്രമസമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു. രാത്രി ലാൻഡിങ്ങിന്റെ എണ്ണം ആറില്‍ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു. ഇതോടെയാണ് ഇൻഡിഗോ പ്രതിസന്ധിയിലായത്.

2nd paragraph

പ്രതിസന്ധി രൂക്ഷമായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ വിവാദവ്യവസ്ഥ പിൻവലിച്ചിരുന്നു. ഡിസംബർ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിൻവലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്. വിമാനസർവീസുകളുടെ സ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചും കമ്ബനികളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തും പുതിയ വ്യവസ്ഥയില്‍ പുനഃപരിശോധന ആവശ്യമാണ് എന്നതാണ് ഡിജിസിഎയുടെ വിശദീകരണം. യാത്രാ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഈ നിയമത്തില്‍ ഇൻഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പിൻവലിച്ചതോടെ വിമാനസർവീസുകള്‍ ഇനി സാധാരണനിലയിലാകും എന്നാണ് കരുതപ്പെടുന്നത്.