കത്തിക്കയറി മമ്മൂട്ടിയും വിനായകനും, അടിമുടി ഗംഭീര വര്‍ക്ക്; മികച്ച ആദ്യ പ്രതികരണങ്ങള്‍ നേടി കളങ്കാവല്‍

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു.നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.
അഭിനയത്തില്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെത്തുന്ന മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. വിനായകന്‍ പതിവ് പോലെ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് കമന്‍റുകള്‍. ചിത്രത്തിന്റെ തിരക്കഥയ്ക്കും കഥ പറച്ചില്‍ രീതിയും മികച്ച അഭിപ്രായം തന്നെയാണ് നേടുന്നത്.
പുതുമ നിറഞ്ഞ രീതിയില്‍ ത്രില്ലിങ്ങായ സ്റ്റൈലിലാണ് ചിത്രം കഥ പറയുന്നതെന്നും ജിതിന്റെ സംവിധാന മികവ് എടുത്തുകാണാമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്.

സിനിമയുടെ ആദ്യ പകുതിയും ഇന്റര്‍വെല്‍ ബ്ലോക്കും മികച്ച അഭിപ്രായം തന്നെയായിരുന്നു നേടിയിരുന്നത്. കളങ്കാവല്‍ ബോക്‌സ് ഓഫീസിലും മികച്ച നേട്ടം കൊയ്യുമെന്നാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ഉയരുന്ന പ്രതികരണങ്ങള്‍. മുജീബ് മജീദിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തെ കൂടുതല്‍ മികച്ചതാക്കുന്നു എന്നും അഭിപ്രായങ്ങളുണ്ട്.
മമ്മൂട്ടി കമ്ബനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫിലും മികച്ച പ്രീ സെയില്‍സ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ‘ലോക’ ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ എത്തിച്ച ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്‌നാട് വിതരണം ചെയ്യുന്നത്. ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്‌സ്, കര്‍ണാടകയില്‍ എത്തിക്കുന്നത് ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് പെന്‍ മരുധാര്‍ എന്നിവരാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവലിനെ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് ചിത്രത്തിന് വരുന്ന പ്രതികരണങ്ങള്‍.
