വമ്ബന്മാരെ മറികടന്ന് വിക്കറ്റ് വേട്ടയില്‍ രണ്ടാമത്; മുഷ്താഖ് അലിയിലെ പ്രകടനം ആസിഫിനെ IPL ലേലത്തില്‍ തുണക്കുമോ?

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഇന്നലെ ശക്തരായ മുംബൈയെ കേരളം 15 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ താരമായത് 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കെ എം ആസിഫായിരുന്നു.സൂര്യകുമാർ യാദവ്, ശാർദൂല്‍ താക്കൂർ എന്നിവരുടെ അടക്കം വിക്കറ്റുകള്‍ നേടിയത് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ആസിഫ് ആയിരുന്നു.
ഈ പ്രകടനത്തോടെ ടൂർണമെന്റ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ മലയാളി താരത്തിനായി. ദേശീയ താരങ്ങള്‍ ഒരുപാട് പങ്കെടുക്കുന്ന ടൂര്ണമെന്റിലാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. ഇതുവരെ 13 വിക്കറ്റുകളാണ് ഈ സീസണില്‍ ആസിഫ് നേടിയത്.
അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് നാലു വിക്കറ്റ് പ്രകടനമടക്കം 16 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്‍റെ അശോക് ശര്‍മ മാത്രമാണ് ആസിഫിന് മുന്നിലുള്ളത്. ഈമാസം 16ന് നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ മുഷ്താഖ് അലിയിലെ പ്രകടനം ആസിഫിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

