മധ്യപ്രദേശില്‍ കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടം; മൂന്ന് ദിവസം കൂടുമ്ബോള്‍ ഒരാള്‍ മരിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൈവേകളിലും നഗര റോഡുകളിലും കന്നുകാലി ശല്യം വര്‍ദ്ധിക്കുന്നു. മൂന്ന് ദിവസം കൂടുമ്ബോള്‍ ഒരാള്‍ വീതം കന്നുകാലികള്‍ കാരണമുണ്ടാകുന്ന റോഡപകടത്തില്‍ മരിക്കുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 94 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ കന്നുകാലികള്‍ മൂലം 237 റോഡപകടങ്ങള്‍ ഉണ്ടായി. വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള ജില്ല തിരിച്ചുള്ള വിവരങ്ങള്‍, അവ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം, കര്‍ഷകരുടെ വിളകള്‍ക്കുണ്ടായ നഷ്ടം, അത്തരം നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടോ എന്നിവ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അജയ് അര്‍ജുന്‍ സിംഗ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഈ കണക്കുകള്‍ പങ്കുവെച്ചത്.
20-ാമത് കന്നുകാലി സെന്‍സസിലൂടെ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണെങ്കിലും പൊലീസ് രേഖകള്‍ വളര്‍ത്തുമൃഗങ്ങളെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിച്ചിട്ടില്ല. അതിനാല്‍ അപകടങ്ങള്‍ക്ക് കാരണം അലഞ്ഞുതിരിയുന്ന കന്നുകാലികളാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ലഖന്‍ പട്ടേല്‍ രേഖാമൂലമുള്ള മറുപടിയില്‍ സഭയെ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കന്നുകാലികളുമായി ബന്ധപ്പെട്ട 237 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ 94 പേര്‍ മരിക്കുകയും 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലമുണ്ടാകുന്ന വിളനാശത്തിന് കര്‍ഷകര്‍ക്ക് സാമ്ബത്തിക സഹായമോ നഷ്ടപരിഹാരമോ നല്‍കുന്നതിനുള്ള വ്യവസ്ഥ നിലവിലില്ല. അത്തരമൊരു നിര്‍ദ്ദേശം നിലവില്‍ പരിഗണനയിലില്ലെന്നും ലഖന്‍ പട്ടേല്‍ മറുപടിയില്‍ പറഞ്ഞു.
പ്രശ്നം ഗുരുതരമായ കാർഷിക, പൊതു സുരക്ഷാ പ്രതിസന്ധിയായി സർക്കാർ അംഗീകരിക്കണമെന്ന് നിയമസഭാംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം, ഗോസംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം തന്നെ വിപുലീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തി. മുഖ്യമന്ത്രി ഗോസേവാ യോജന പ്രകാരം, എൻജിഒകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഒപ്പം മധ്യപ്രദേശിലുടനീളം രജിസ്റ്റർ ചെയ്ത ഗോശാലകളില്‍ ഏകദേശം 4.5 ലക്ഷം കന്നുകാലികളാണ് നിലവിലുള്ളത്. കൂടാതെ 2025-26 സാമ്ബത്തിക വർഷത്തില്‍ അവയുടെ പരിപാലനത്തിനായി സംസ്ഥാന സർക്കാർ 296.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
