ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഗ്രീവ്സിന് ഡബിള്‍ സെഞ്ച്വറി; കിവീസിനെതിരെ വിന്‍ഡീസിന് വീരോചിത സമനില

ന്യൂസിലാന്‍ഡും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. 531 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സ് അടിച്ചെടുത്താണ് വീരോചിത സമനില സ്വന്തമാക്കിയത്.ക്രൈസ്റ്റ്ചർച്ചില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഷായ് ഹോപ്പ് സെഞ്ച്വറിയും ജസ്റ്റിന്‍ ഗ്രീവ്സ് ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ജസ്റ്റിന്‍ ഗ്രീവ്‌സ് ഡബിള്‍ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 388 പന്തില്‍ 19 ബൗണ്ടറി സഹിതം 202 റണ്‍സാണ് ഗ്രീവ്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. രണ്ടാം ഇന്നിങ്‌സില്‍ ഷായ് ഹോപ്പ് സെഞ്ച്വറി നേടുകയും ചെയ്തു. 234 പന്തില്‍ 140 റണ്‍സെടുത്താണ് ഹോപ്പ് പുറത്തായത്. വിന്‍ഡീസിന് വേണ്ടി കെമാര്‍ റോച്ച് (58) അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് പുനഃരാരംഭിച്ച വിൻഡീസിന് സ്കോർ 268 റണ്‍സില്‍ നില്‍ക്കെയാണ് സെഞ്ച്വറി നേടി മുന്നോട്ടുകുതിക്കുകയായിരുന്ന ഷായ് ഹോപ്പിനെ നഷ്ടമായത്. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റണ്‍സെന്ന നിലയില്‍ തോല്‍വി മണത്തു. ഇതിനുശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് തകർത്തടിച്ചാണ് വിൻഡീസിന്‍റെ പരാജയം ഒഴിവാക്കിയത്.
രണ്ടാം ഇന്നിങ്സില്‍ ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

