‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു’; അതിജീവിതയുടെ മൊഴി പുറത്ത്

കൊച്ചി: ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി. കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറഞ്ഞിരുന്നു എന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.

നടിയെ അതിക്രമിച്ച കേസില്‍ നാളെ വിധി വരാനിരിക്കെയാണ് വിചാരണ വേളയിലെ കൂടുതല്‍ മൊഴികൾ പുറത്തുവന്നിരിക്കുന്നത്. അതിജീവിതയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നെന്നും എന്നാല്‍ നടന്നിരുന്നില്ലെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ ഗോവയില്‍ ഒരു സിനിമയുടെ ഷൂട്ടിലായിരുന്ന സമയത്ത് നടിയെ അതിക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് നടന്നില്ല. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിയത് പൾസർ സുനിയായിരുന്നു. തുടർന്നുളള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായിരുന്നു. ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായുള്ള വിവരങ്ങളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
