യാത്രാ ദുരിതം തീരാതെ തീരദേശം; കൂട്ടായി ബസ് സ്റ്റാൻഡ് ആവശ്യം തള്ളി പൊതുമരാമത്ത് വകുപ്പ്

തിരൂർ: തീരദേശ ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി കൂട്ടായി അങ്ങാടിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യം ഹൈവേ അതോറിറ്റി നിരസിച്ചു. ബസ് സ്റ്റാൻഡുകളുടെ നിർമ്മാണം നിലവിലെ പദ്ധതിയുടെയോ കെ.ഐ.ഐ.എഫ്.ബി. (KIIFB) മാനദണ്ഡങ്ങളുടെയോ പരിധിയിൽ ഉൾപ്പെടുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബഷീർ താഴത്തയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ പരാതിക്കാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മറുപടി നൽകിയത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കൂട്ടായി അങ്ങാടിക്ക് സമീപം പുതിയ ഹൈവേ വരുമ്പോൾ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുമെങ്കിലും ബസ് സ്റ്റാൻഡ് ഇല്ലാത്തത് യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നും അതിനാൽ ആധുനിക രീതിയിലുള്ള സ്റ്റാൻഡ് നിർമ്മിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഷീർ താഴത്തയിൽ 2024 സെപ്റ്റംബർ 3-ന് നിവേദനം നൽകിയത്.

ഈ ആവശ്യത്തിന് മറുപടിയായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചത് ഇങ്ങനെ: മലപ്പുറം ജില്ലയിലെ തീരദേശ പാതയുടെ റീച്ച് 1-ൻ്റെ അലൈൻമെൻ്റിന് KIIFB അംഗീകാരം ലഭിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ, ബസ് സ്റ്റാൻഡുകൾ നിർമ്മിക്കുന്ന പ്രവർത്തി തീരദേശ പാതയുടെ പദ്ധതിയിലോ KIIFB മാനദണ്ഡത്തിലോ ഉൾപ്പെടുന്നില്ല. അതിനാൽ, കൂട്ടായി ടൗണിലെ ബസ് സ്റ്റാൻഡ് നിർമ്മാണം ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്താൻ സാധിക്കുകയില്ല.
ബസ് സ്റ്റാൻഡ് നിർമ്മാണത്തിൻ്റെ ആവശ്യം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപ്പാക്കാവുന്നതാണെന്നും അധികൃതർ നിർദ്ദേശിച്ചു. ഈ കാര്യാലയത്തിൽ നിന്നും പരാതിക്ക് പരിഹാരം കാണാൻ സാധിക്കാത്തതിനാൽ, നൽകിയ പരാതി ക്ലോസ് ചെയ്യുന്നതായും എക്സിക്യൂട്ടീവ് എഞ്ചിനീയർ മറുപടിയിൽ വ്യക്തമാക്കി.
അതേസമയം തീരദേശത്തിൻ്റെ യാത്രാദുരിത പരിഹാരത്തിന് കൂട്ടായി ബസ്റ്റാൻ്റ് സ്ഥാപിക്കുന്നതിനായി നിരന്തരമായ ശ്രമങ്ങൾ കൈകൊള്ളുമെന്ന് ബഷീർ താഴത്തയിൽ പറഞ്ഞു.
