വിധി പറഞ്ഞിട്ട് ആറ് വര്‍ഷം, ഇനിയും നിര്‍മാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലില്‍ തുടങ്ങുമെന്ന് പ്രഖ്യാപനം

ലഖ്‌നൗ: രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി അവകാശ കേസില്‍ സുപ്രീം കോടതി വിധി വന്ന് ആറ് വർഷങ്ങള്‍ക്ക് ശേഷവും അയോധ്യയിലെ നിർദിഷ്ട ധന്നിപൂർ പള്ളി നിർമാണം ഇതുവരെ ആരംഭിച്ചില്ല.സുപ്രീം കോടതിയുടെ വിധി പ്രകാരം, അയോധ്യ പട്ടണത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ധന്നിപൂരിലാണ സുന്നി വഖഫ് ബോർഡിന് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ ഭൂമി അനുവദിച്ചത്.
പള്ളി നിർമ്മാണത്തിനായി ഒരു ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. പള്ളി സമുച്ചയത്തില്‍ മ്യൂസിയമടക്കമുള്ള സൗകര്യമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നിർദിഷ്ട ആധുനിക മോഡലിന് സമുദായത്തിനുള്ളില്‍ നിന്ന് തന്നെ എതിർപ്പുയർന്നിരുന്നു. തുടർന്ന് പരമ്ബരാഗത ശൈലിയില്‍ പള്ളി നിർമിക്കാനും തീരുമാനമായി. അയോധ്യ വികസന അതോറിറ്റി (ADA) നിർദ്ദിഷ്ട പള്ളിയുടെ പ്ലാനിന് അനുമതി നല്‍കിയതുമില്ല. അഗ്നിശമന വകുപ്പ് വിസമ്മതിക്കുകയും നിരവധി എതിർപ്പുകള്‍ ഉന്നയിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. പുതുക്കിയ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഈ മാസം അവസാനം എഡിഎയ്ക്ക് സമർപ്പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

എഡിഎ അനുമതി നല്‍കിയതിനുശേഷം പ്ലാൻ തയ്യാറായിക്കഴിഞ്ഞാല്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ 2026 ഏപ്രിലില്‍ ആരംഭിച്ചേക്കാമെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. അതേസമയം, പള്ളിയുടെ നിർമ്മാണത്തിലെ കാലതാമസത്തില്‍ സമുദായം ആശങ്കപ്പെടുന്നില്ലെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ടൈറ്റില്‍ കേസുകളിലെ പ്രധാനിയായ ഇഖ്ബാല്‍ അൻസാരി പറഞ്ഞു. ധന്നിപൂരില്‍ ഒരു പള്ളി പണിയേണ്ട ആവശ്യമില്ല. അയോധ്യയില്‍ എല്ലാ മതസ്ഥർക്കും ആരാധനാലയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ നിന്നുള്ള മുസ്ലീങ്ങളില്‍ ഭൂരിഭാഗവും അയോധ്യയില്‍ നിന്ന് വളരെ അകലെയുള്ള ധന്നിപൂർ പള്ളിയില്‍ പ്രാർത്ഥന നടത്താൻ വരാൻ സാധ്യതയില്ലെന്ന് അയോധ്യ വഖഫ് കമ്മിറ്റി ഭാരവാഹി പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, എ.ഡി.എ അനുമതി ലഭിച്ചതിന് ശേഷം പള്ളി നിർമ്മാണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
